നിയമസഭ സമ്മേളനം; ചർച്ച് ബില്ലിൽ പ്രതീക്ഷയർപ്പിച്ച് യാക്കോബായ വിശ്വാസികൾ
text_fieldsകൊച്ചി: വെള്ളിയാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ ചർച്ച് ബിൽ നിയമമാകുമെന്ന പ്രതീക്ഷയിൽ യാക്കോബായ വിശ്വാസികൾ. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ നിയമമമാക്കുമെന്ന് കരുതുന്ന ബില്ലാണിത്. നാല് മുതൽ ആരംഭിക്കുന്ന പന്ത്രണ്ടാം നിയമസഭ സമ്മേളനത്തിൽ എട്ട് ബില്ലുകൾ നിയമമാകുന്നുണ്ട്. ഇക്കൂട്ടത്തിൽ ചർച്ച് ബിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം. നിയമനിർമാണത്തിനായുളള ഈ സർക്കാരിന്റെ അവസാന സമ്മേളനവുമാണിത്.
അടുത്ത വർഷം ധന ബിൽ അവതരിപ്പിക്കുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഈ സമ്മേളനത്തിൽ ബില്ല് നിയമമായില്ലെങ്കിൽ ചർച്ച് ബില്ലിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കേണ്ടി വരും. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിക്ക് ശേഷം യാക്കോബായ-ഓർത്തഡോക്സ് വിശ്വാസികൾ തമ്മിൽ പള്ളികൾ കേന്ദ്രീകരിച്ച് തർക്കവും സംഘർഷവും രൂക്ഷമായിരുന്നു.
വിധി നടപ്പാക്കാൻ ഓർത്തഡോക്സ് വിഭാഗം നിയമനടപടികൾ സജീവമാക്കിയതോടെ യാക്കോബായ വിഭാഗത്തിന് 65 പള്ളികളാണ് നഷ്ടമായത്. ആറ് പള്ളികൾകൂടി ഏത് സമയവും നഷ്ടപ്പെടുമെന്ന നിലയിലുമാണ്. പള്ളികൾ കേന്ദ്രീകരിച്ചും സെമിത്തേരികൾ കേന്ദ്രീകരിച്ചും സംഘർഷം പതിവായതോടെ കഴിഞ്ഞ സർക്കാർ സെമിത്തേരി ബിൽ നടപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് യാക്കോബായ വിശ്വാസികളുടെ മൃതദേഹങ്ങൾ സംഘർഷമില്ലാതെ സംസ്കരിക്കാൻ അവസരമൊരുങ്ങിയത്.
എന്നാൽ പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷം പതിവായതോടെയാണ് ജസ്റ്റിസ് കെ.ടി തോമസിന്റെ നേതൃത്വത്തിലുളള നിയമപരിഷ്കാര കമീഷൻ തയാറാക്കിയ മലങ്കര ചർച്ച് ബിൽ നിയമമാക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ ബില്ലിനെതിരെ ഓർത്തഡോക്സ് വിഭാഗം ശക്തമായ പ്രതിഷേധമുയർത്തി. ബില്ല് നിയമമായാൽ തങ്ങളുടെ പള്ളികൾ നഷ്ടമാകുന്നത് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യാക്കോബായ വിഭാഗം. ബില്ലിനനുകൂലമായ വികാരം സർക്കാർ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്ന് യാക്കോബായ വിഭാഗം മീഡിയ സെൽ ചെയർമാൻ ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.