ശങ്കരാടിയുടെ കൈയിലെ രേഖ
text_fields500 രൂപയുടെ ഏതാനും നോട്ടുകളുമായി ചിരിക്കുന്ന മൂന്ന് വയോധികരായ അമ്മമാരുടെ ചിത്രം കേരളത്തിലെ തെരുവുകളിലൊക്കെ വലിയ പരസ്യ ബോർഡുകളായി ഇടംപിടിച്ചിരുന്നു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന സർക്കാറിന്റെ നേട്ടം വിളിച്ചോതുന്ന ബോർഡുകൾ. എന്നാൽ അതിലുണ്ടായിരുന്ന അമ്മമാർ പരസ്യപലകകളിൽനിന്ന് പുറത്തിറങ്ങി പെൻഷന് വേണ്ടി ഇന്ന് യാചിക്കുന്നെന്നാണ് പി.സി. വിഷ്ണുനാഥിന്റെ കണ്ടെത്തൽ. വലിയ ബോർഡുകളാകട്ടെ ഇപ്പോൾ കാണാനുമില്ല. ക്ഷേമ പെൻഷൻ മുടങ്ങിയതിന്റെ ദുരിതമൊക്കെ വിവരിച്ച് ഭരണപക്ഷ ബെഞ്ചിനെ നോക്കി വിഷ്ണുനാഥ് പാടി... ‘കുലീനരേ... ഉദാത്തരേ... ശുദ്ധ മർത്യരേ... ഈ പെൻഷനൊന്ന് കൊടുത്തുതീർക്കൂ’...
അഞ്ച് മാസത്തെ കുടിശ്ശികയുണ്ട്. അത് കൊടുത്തുതീർക്കുമെന്ന് മറുപടി പറയുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കീശയിൽ പഴയ കണക്കുകളൊക്കെ റെഡി. യു.ഡി.എഫിന്റെ കാലത്ത് 18 മാസമായിരുന്നത്രെ കുടിശ്ശിക. 2015ൽ അന്നത്തെ മന്ത്രി ഡോ. എം.കെ. മുനീർ, രാജു എബ്രഹാമിന് നൽകിയ മറുപടിയിൽ എട്ട് മാസത്തെ കുടിശ്ശികയുണ്ടെന്ന് പറയുന്നുണ്ട്. പിന്നെയുള്ള പത്ത് മാസവും കൂട്ടി 18 മാസം എന്ന് ബാലഗോപാൽ പറഞ്ഞൊപ്പിച്ചു. പക്ഷേ, ഡോ. മുനീർ അത് സമ്മതിച്ചുകൊടുത്തില്ല. അത് കഴിഞ്ഞ് ശേഷം താൻ കെ.ടി. ജലീലിന് കൊടുത്ത മറ്റൊരു മറുപടിയിൽ കുടിശ്ശിക മൂന്ന് മാസമേയുള്ളൂവെന്ന് പറയുന്നുണ്ടെന്ന് മുനീർ തിരിച്ചടിച്ചു. പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന പദ്ധതി തപാൽ വകുപ്പുവഴി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് കുടിശ്ശിക വരാൻ കാരണമെന്നും വിശദീകരിച്ചു. തങ്ങൾ വന്നപ്പോൾ 25,000 രൂപ വരെ കുടിശ്ശിക ഓരോത്തർക്കും നൽകിയെന്നായി ധനമന്ത്രി. നിങ്ങൾ കൊടുത്തെങ്കിൽ ഇത്ര കുടിശ്ശിക എങ്ങനെ വന്നുവെന്നാണ് മന്ത്രിയുടെ ചോദ്യം. 18 മാസം കൊടുത്തുവെങ്കിൽ അത് ഏത് ഹെഡ് ഓഫ് അക്കൗണ്ടിലാണെന്നായി വിഷ്ണുനാഥിന്റെ ചോദ്യം. കൈയിൽ രേഖയുണ്ടെന്ന് പറയുന്നുവെങ്കിലും അത് ശങ്കരാടിയുടെ കൈയിലെ രേഖ മാത്രമെന്നായി പരിഹാസം. ശങ്കരാടിയുടെ കൈയിലുള്ള രേഖയല്ല എം.കെ. മുനീർ പറഞ്ഞ രേഖയാണെന്ന് ധനമന്ത്രി. അങ്ങനെ ക്ഷേമ പെൻഷൻ പതിവുപോലെ പൊരിഞ്ഞ പോരിന് വഴിമരുന്നായി.
വ്യവസായ, സാമൂഹിക ക്ഷേമ ധനാഭ്യർഥന ചർച്ചയിൽ വിഷയത്തോളം തന്നെ രാഷ്ട്രീയവും നിറഞ്ഞു. ചർച്ച തുടങ്ങിവെച്ച ഐ.ബി. സതീഷ് ഈ ശൈത്യകാലത്തെ ഞങ്ങൾ അതിജീവിക്കുമെന്നും ഇടതുപക്ഷത്തിന്റെ വസന്തകാലമാണ് വരാനിരിക്കുന്നതെന്നും സ്വപ്നങ്ങൾ പങ്കുവെച്ചു. വടകരയിൽ ദിഖ്റ് ചൊല്ലിയും പേര് പറഞ്ഞും വോട്ട് ചോദിച്ചുവെന്നൊക്കെയുള്ള കാനത്തിൽ ജമീലയുടെ പരാമർശങ്ങളാണ് യു.എ. ലത്തീഫിനെ ചൊടിപ്പിച്ചത്. എ.കെ. ആന്റണിയെ ലീഗിന്റെ തട്ടകമായ തിരൂരങ്ങാടിയിൽ വൻ ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിപ്പിച്ചില്ലേ?. വോട്ട് കിട്ടുമെന്ന് കരുതി ഡോ. എൻ.എ. കരീമിനെ ഇടതുപക്ഷം കൊണ്ടുവന്നില്ലേ?. കാനത്തിൽ ജമീല ലീഗിനായി കൊണ്ടുവന്ന തൊപ്പി കെ.കെ. ലതികക്കാണ് ചേരുന്നതെന്നും ലത്തീഫ് പറഞ്ഞു വെച്ചു. ലത്തീഫിന്റെ പ്രസംഗത്തിന് പ്രതിപക്ഷം കൈയടിച്ചപ്പോൾ കാനത്തിൽ ജമീല അടക്കം ഭരണപക്ഷം ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോൻസ് ജോസഫ് മാണി ഗ്രൂപ്പിനെ വിമർശിച്ചതിന് മറുപടിയുമായെത്തിയ പ്രഫ. എൻ. ജയരാജ് കേരള കോൺഗ്രസിന്റെ പ്രസക്തി വിലയിരുത്താൻ ജോസഫ് ഗ്രൂപ് വളർന്നിട്ടില്ലെന്ന് ഓർമിപ്പിച്ചു. വിവാഹം കഴിഞ്ഞ് പോയ പഴയ കാമുകിമാരെ ഓർക്കുന്ന കാമുകനായിട്ടേ മോൻസിന്റെ പരാമർശങ്ങൾ ജയരാജ് കണ്ടുള്ളൂ.
പപ്പയുടെ സ്വന്തം അപ്പൂസ് പോലെ പപ്പയുടെ സ്വന്തം വാസവനെന്നാണ് മന്ത്രി വാസവനെ എൽദോസ് കുന്നപ്പിള്ളി വിശേഷിപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിസഭയിൽ വന്ന കാലത്ത് തുറമുഖവും കെ. രാധാകൃഷ്ണൻ രാജിവെച്ചപ്പോൾ ദേവസ്വവും വാസവന് കിട്ടി. കയർപിരി തൊഴിലാളികളുടെ വേതനം എട്ട് വർഷമായി പരിഷ്കരിച്ചിട്ടില്ലെന്ന് വി. ശശി പരാതി പറഞ്ഞു. താമര ചിഹ്നത്തിൽ ഒരാൾ ജയിച്ചതിന്റെ ഉത്തരവാദിത്തം പി. മമ്മിക്കുട്ടി യു.ഡി.എഫിന് ചാർത്തി. ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം നടത്താനാകുന്ന നാടാണിതെന്ന് ആന്റണി ജോൺ. സി.പി.എമ്മിന്റെ നാല് എം.പിമാരെ കുറിച്ച് പറഞ്ഞ പി.ടി.എ. റഹീമിനെ കുറിച്ച നജീബ് കാന്തപുരത്തിന്റെ പരാമർശം ഭരണപക്ഷ പ്രതിഷേധത്തെ തുടർന്ന് രേഖയിൽനിന്ന് നീക്കി. യഥാർഥത്തിൽ ഒരു എം.പിയേ സി.പി.എമ്മിനുള്ളൂവെന്നും മറ്റുള്ളിടത്ത് എല്ലാം ഞങ്ങളുടെ ഔദാര്യത്തിലാണ് ജയിച്ചതെന്നുമായി നജീബ്. മാസപ്പടി വിവാദം വീണ്ടുമുയർത്തിയ മാത്യു കുഴൽനാടന്റെ ചില പരാമർശങ്ങൾ രേഖയിൽനിന്ന് നീക്കിയെന്ന് മാത്രമല്ല മൈക്കും ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.