നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് നേതാക്കളും മന്ത്രി വി. ശിവൻകുട്ടിയും പ്രതിയായ നിയമസഭ കൈയാങ്കളിക്കേസിൽ നാടകീയ നീക്കവുമായി ക്രൈംബ്രാഞ്ച്. വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതുവരെ വിചാരണ നടപടി നിർത്തിവെക്കണമെന്നാണ് ഡിവൈ.എസ്.പി കെ. സജീവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.
മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിധി പറയാൻ കോടതി ചേർന്നപ്പോഴായിരുന്നു നാടകീയ നീക്കം. സഭയിലെ കൈയാങ്കളിക്കിടെ പരിക്കേറ്റെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എം.എൽ.എമാരായ ജമീല പ്രകാശവും കെ.കെ. ലതികയും കോടതിയെ സമീപിച്ചിരുന്നു.
പരിക്കേറ്റെന്നു സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. തെളിവ് ലഭിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും അനുമതി തേടി. കോടതിയിൽ വായിച്ച നിലവിലെ കുറ്റപത്രം പിൻവലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. തുടരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാൻ പൊലീസിന് അധികാരമുണ്ട്. അന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമല്ലേ അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂവെന്നും കോടതി ചോദിച്ചു. ഇതോടെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ജമീല പ്രകാശം, കെ.കെ. ലതിക, കെ. അജിത്, കെ.ടി. ജലീൽ, സി.കെ. സദാശിവൻ എന്നിവർ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ നൽകിയ ഹരജികളാണ് ഒരുമിച്ച് വാദം കേൾക്കണോ എന്ന് കോടതി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.