നിയമസഭ കൈയാങ്കളിക്കേസ്: തുടരന്വേഷണത്തിന് മൂന്നാഴ്ച കൂടി
text_fieldsതിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കുടുതൽ സമയം വേണമെന്ന ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംഗീകരിച്ചു. നേരത്തേ അനുവദിച്ച സമയം സെപ്റ്റംബർ നാലിന് അവസാനിക്കാനിരിക്കെയാണ് പൊലീസ് കൂടുതൽ സമയം തേടിയത്. മൂന്നാഴ്ച കൂടി സമയം അനുവദിച്ചു.
രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി തുടരന്വേഷണ അനുമതി നൽകിയത്. കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച് തുടർ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയത്.
തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുംവരെ വിചാരണ നിർത്തിവെക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ശിവൻകുട്ടിയടക്കമുള്ള എൽ.ഡി.എഫ് നേതാക്കളാണ് കേസിലെ പ്രതികൾ.2015 മാർച്ച് 13ന് കെ.എം. മാണിയുടെ ബജറ്റവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ, 2.2 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിധി പറയുന്നതിനായി കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.