അർഹരായ എല്ലാവരെയും റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയമസഭ
text_fieldsതിരുവനന്തപുരം: മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളെയും റേഷന്‍ സമ്പ്രദായത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിയമസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ചട്ടം 118 പ്രകാരം മന്ത്രി ജി.ആർ. അനില്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുംവരെ കേരളത്തില്‍ സാര്‍വത്രിക റേഷന്‍ സമ്പ്രദായം നിലനിന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം 2016ല്‍ സംസ്ഥാനത്ത് നടപ്പാക്കിയതോടെ റേഷന്‍ സമ്പ്രദായം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി.
കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിന് മാത്രമാണ് നിലവില്‍ റേഷന്‍ അര്‍ഹതയുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1,54,80,040 പേര് മാത്രമാണ് നിലവില്‍ റേഷന്‍ സമ്പ്രദായത്തിന് കീഴില്‍ വരുന്നത്.
ഇതോടെ ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരാകാന്‍ യോഗ്യതയുള്ള അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ മുന്‍ഗണന പട്ടിക പ്രകാരമുള്ള റേഷന്‍ സമ്പ്രദായത്തില്‍നിന്നും പുറത്തായിരിക്കുകയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 2023 വരെ നിര്‍ത്തലാക്കിയ ടൈഡ് ഓവര്‍ ഗോതമ്പ് വിഹിതം, മുന്‍ വര്‍ഷങ്ങളില്‍ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതോടൊപ്പം മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വർധിപ്പിച്ച് വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാറിനോട് നിയമസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.