കണ്ണൂർ കാക്കയങ്ങാട്ട് പന്നിക്കെണിയിൽ പുലി കുടുങ്ങി
text_fieldsഇരിട്ടി (കണ്ണൂർ): മലയോര മേഖലയായ കാക്കയങ്ങാട്ട് പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയത് പുലി. തിങ്കളാഴ്ച രാവിലെ ആറോടെ പി.കെ. പ്രകാശന്റെയും സഹോദരി ശ്രീജയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്.
ടാപ്പിങ് തൊഴിലാളിയായ പ്രകാശൻ ടാപ്പിങ് കഴിഞ്ഞ് തോട്ടത്തിൽ പച്ചക്കറി ശേഖരിക്കാൻ വളർത്തുപട്ടിയെയും കൂട്ടി പോകുന്നതിനിടെയാണ് പുലിയുടെ മുരളൽ ശബ്ദം കേട്ടത്. ഭയന്നോടിയ പ്രകാശൻ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുയായിരുന്നു.
ഡിവൈ.എസ്.പി കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ പൊലീസും കണ്ണൂർ ഡി.എഫ്.ഒ കെ. വൈശാഖിന്റെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചക്ക് 12.30ഓടെ മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കി ആറളം ഫാമിലെ വനം വകുപ്പിന്റെ ആർ.ആർ.ടി ആശുപത്രിയിലേക്ക് മാറ്റി.
പുലി കുടുക്കിൽനിന്ന് രക്ഷപ്പെടാനും അക്രമകാരിയാകാനുമുള്ള സാധ്യത കണക്കിലെടുത്ത് കലക്ടർ മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുലി കുടുങ്ങിയതറിഞ്ഞ് നൂറകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ആറു വയസ്സ് തോന്നിക്കുന്ന ആൺപുലിയാണ് കെണിയിൽപെട്ടത്.
മരക്കുറ്റിക്ക് കെട്ടിയ കേബിൾ പുലിയുടെ വയറിലും കുരുങ്ങിയ നിലയിലായിരുന്നു. പുലിക്ക്, പുറമേ പരിക്കുകളൊന്നും കാണാനില്ലെങ്കിലും രണ്ടുദിവസം നിരീക്ഷിച്ചതിന് ശേഷമേ കാട്ടിലേക്ക് തുറന്നുവിടുന്ന കാര്യം പരിശോധിക്കുകയുള്ളൂവെന്ന് ഡി.എഫ്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.