റബർ തോട്ടത്തിൽ പുള്ളിപുലിക്കുഞ്ഞ് ചത്തു; അസ്വഭാവികതയില്ലെന്ന് വനം വകുപ്പ്
text_fieldsകല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് മലയുടെ താഴ്വാര പ്രദേശമായ പറക്കലടിയിലെ സ്വകാര്യ റബർ തോട്ടത്തിൽ പുള്ളിപുലിക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച അതിരാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പറക്കലടി സുമീഷിന്‍റെ റബർ തോട്ടത്തിൽ ഏകദേശം എട്ട് മാസം പ്രായമുള്ള ചത്ത പുള്ളിപുലിക്കുഞ്ഞിനെ കണ്ടത്.
മണ്ണാർക്കാട് പാലക്കയം വനം സ്റ്റേഷന്‍റെ പരിധിയിലാണ് സംഭവം പുലിക്കുഞ്ഞിന്‍റെ ജഡം തൊട്ടടുത്തുള്ള മേലേ പയ്യാനിയിലെ വനം വകുപ്പിന്‍റെ ബീറ്റ് ഓഫീസനടുത്തേക്ക് മാറ്റി. മണ്ണാർക്കാട് ഡി.എഫ്.ഒ. എം.കെ. സുർജിത്ത്, തൃശൂർ അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഡേവിഡ്, നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി അഡ്വ. എൽ. നമശിവായൻ, കാഞ്ഞിരപ്പുഴ വെറ്റിനറി സർജൻ ഡോക്ടർ ഹെൽന, മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ ജന്തുശാസ്ത്ര പ്രഫ. നീമ എന്നിവരടങ്ങിയ അഞ്ചംഗ സംഘം സംഭവസ്ഥലം സന്ദർശിച്ച് പരിസരം പരിശോധിച്ചു.
പുലിക്കുഞ്ഞിന്‍റെ ജഡം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി സംസ്കരിച്ചു. പുലിക്കുഞ്ഞിന് ഏതാനും ദിവസങ്ങളായി ആവശ്യമായ ഭക്ഷണം കിട്ടാതെ വിശന്ന് ചത്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പുലി ചത്ത സംഭവത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് കിഴക്കൻ മേഖല മുഖ്യവനപാലകൻ കെ. വിജയാനന്ദൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.