കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി
text_fieldsപാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ഡേവിസ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. 10 മിനിറ്റിന് ശേഷം പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് വനപാലകർ മാറ്റി.
പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കും. ആരോഗ്യസ്ഥിതി മെച്ചമാണെങ്കിൽ ധോണിയിലേക്ക് കൊണ്ടു പോകും. അല്ലെങ്കിൽ മണ്ണുത്തി വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്സ നൽകും.
പുലർച്ചെ മൂന്നരയോടെയാണ് കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം ചേകോലിലാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലി കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു.
പ്രദേശവാസിയായ പരമേശ്വരനാണ് പുലിയെ ആദ്യം കാണുന്നത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. 12.15ഓടെ പുലിയെ മയക്കുവെടി വച്ച് പിടികൂടിയത്. പുലിക്ക് അഞ്ചു വയസ് പ്രായമുണ്ടെന്നും ചെറിയ പരിക്കുണ്ടെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
രണ്ടു വർഷമായി പുലി ശല്യം വ്യാപകമായ പ്രദേശമാണിത്. മൂന്ന് മാസം മുമ്പ് കാറിൽ പോവുകയായിരുന്ന ആളുടെ സമീപത്തേക്ക് പുലി പാഞ്ഞടുത്തിരുന്നു. പശുക്കളെയും നായ്ക്കളെയും പുലി പിടികൂടാറുണ്ട്. മുമ്പ് കമ്പിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി ജനവാസ മേഖലയിൽ നിന്ന് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.