വാൽപ്പാറയിൽ പുലികളുടെ വിഹാരം; സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു
text_fieldsഅതിരപ്പിള്ളി: സി.സി.ടി.വി ദൃശ്യങ്ങളിൽ പുലികൾ നിറയുന്നത് വാൽപ്പാറക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. പട്ടണത്തിൻ്റെ വിവിധ മേഖലകളിലെ സി.സി.ടിവി ദൃശ്യങ്ങളിലാണ് പതിവായി പുലികളുടെ സാന്നിധ്യം കാണുന്നത്. രാത്രി കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുലികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചതോടെ ജനങ്ങളിൽ ഭയം ഇരട്ടിച്ചിട്ടുണ്ട്.
ഒന്നിലധികം പുലികളെയാണ് ഇങ്ങനെ ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളിൽ ഇവിടെ പുലികൾ ജനവാസ മേഖലയിൽ വന്ന് ഏതാനും പേരെ ആക്രമിച്ച് കൊന്നിട്ടുണ്ട്. വീണ്ടും വാൽപ്പാറ മേഖലയിൽ പുലികളുടെ എണ്ണം കൂടുന്നതായി ആശങ്കയിലാണ് നാട്ടുകാർ. ജനങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് പുലികളെ എത്രയും വേഗം പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.
വെള്ളിയാഴ്ച പുലർച്ചെ 1.30 ന് കക്കാം കോളനിയിൽ റോഡിലൂടെ പോകുന്ന ഒരു പുലിയെ നാട്ടുകാർ കണ്ടിരുന്നു. മൊബൈലിൽ പകർത്തിയ ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അതുപോലെ കഴിഞ്ഞ ആഴ്ച വാൽപ്പാറ സർക്കാർ ആശുപത്രിക്ക് സമീപമുള്ള ഡിപ്പാർട്മെന്‍റ് സ്റ്റോറിലെ സി.സി.ടി.വി ക്യാമറയിൽ മൂന്ന് പുലികൾ റോഡിലൂടെ പോകുന്നതായി കണ്ടെത്തിയിരുന്നു.
വാൽപ്പാറ തോട്ടം തൊഴിലാളികളുടെ മേഖലയാണ്. തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഇതിനെ തുടർന്ന് ഭീതിയിലാണ്. പുലികളുടെ എണ്ണം കൂടിയതിനാൽ പുലികളെ പിടിക്കാൻ കൂട് വക്കണമെന്ന് വനം വകുപ്പിനോട് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.