‘ഒഴുകിയെത്തിയ’ എലിപ്പനിയിൽ വിറച്ച് നാട്
text_fieldsകോഴിക്കോട്: പ്രളയക്കെടുതിയിലെ കൈമെയ് മറന്ന രക്ഷാപ്രവർത്തനത്തിനിടെ പകർച്ചവ്യാധി ഭീഷണികൾ അവഗണിച്ചത് വിനയായി. ആഗസ്റ്റ് 15 മുതൽ തുടങ്ങിയ കനത്ത മഴയിൽ രക്ഷാപ്രവർത്തനം നടത്തിയവരും എലിപ്പനി ബാധിച്ച് മരിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാനത്ത് അഞ്ചു പേർക്കാണ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനി ബാധിക്കുകയും ജിവൻ നഷ്ടമാകുകയും ചെയ്തത്.
പ്രളയശേഷം സാംക്രമികരോഗങ്ങൾ പടരുെമന്ന് ആരോഗ്യവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം പലരും ഗൗരവമായിയെടുത്തില്ലെന്നാണ് മരണനിരക്ക് സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദേശങ്ങൾ താേഴത്തട്ടിലെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒാടകൾ നിറഞ്ഞൊഴുകിയ റോഡിലൂടെ നടന്നുപോയവർക്കുവരെ എലിപ്പനി ബാധിച്ചിരുന്നു. വീണതിനെ തുടർന്ന് വെള്ളം കുടിച്ച് പോയവർക്കും അസുഖം ബാധിച്ചിട്ടുണ്ട്. ഇത്രയും കനത്ത വെള്ളക്കെട്ടിലും ഒഴുക്കിലും എലിമൂത്രത്തിലൂടെ രോഗം പകരില്ലെന്ന മിഥ്യാധാരണയും രോഗം പടരാൻ ഇടയാക്കി. പ്രളയം കനത്തനാശം വിതക്കാത്ത കോഴിക്കോട്ടാണ് ഏറ്റവും കൂടുതൽ എലിപ്പനി മരണങ്ങളുണ്ടായതെന്നതും ആശങ്ക വർധിപ്പിച്ചു. ഒാടകൾ വൃത്തിയാക്കാത്തതിനാൽ എലികൾ പെരുകിയതാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലും രോഗം വർധിക്കാനിടയാക്കിയത്.
എലിപ്പനി പ്രതിരോധമരുന്നായ ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കാൻ പലരും തയാറാവുന്നില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. പനി ബാധിച്ച ചുരുക്കം ചില രോഗികൾ പാരെസറ്റമോൾ കഴിച്ച് സ്വയം ചികിത്സ നടത്തിയതും പ്രശ്നം ഗുരുതരമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലെ രോഗികളുടെ ബാഹുല്യവും മെച്ചപ്പെട്ട ചികിത്സക്ക് തിരിച്ചടിയായി. അതിനിടെ, ഡോക്സി സൈക്ലിൻ ഗുളികയുടെ പ്രചാരണത്തിനായി സർക്കാർ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ഏജൻസികൾ പഠനം തുടങ്ങി
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തിനുശേഷം എലിപ്പനി വർധിക്കുന്നതിനെക്കുറിച്ച് വിവിധ ആരോഗ്യ ഏജൻസികൾ പഠനം തുടങ്ങിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി), ലോകാരോഗ്യ സംഘടനയുടെ കേരളത്തിലെ പ്രതിനിധികൾ, തമിഴ്നാട്ടിൽനിന്നുള്ള പൊതുജനാരോഗ്യ സംഘം തുടങ്ങിയ സംഘങ്ങളാണ് പഠനം നടത്തുന്നത്. കോഴിക്കോട്ട് എലിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള കാരണവും പഠനവിധേയമാക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ 20 ഡോക്ടർമാരെയും 20 നഴ്സുമാരെയും ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ട്. അന്തമാൻ നികോബാറിൽ നിന്നുള്ള എലിപ്പനി രോഗവിദഗ്ധൻ ഡോ. സുഗുണെൻറ സേവനവും ഈ സാഹചര്യത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.