‘നാരീശക്തി’ പത്തുലക്ഷത്തോളം; ഗോദയിൽ പത്തിലൊന്ന് മാത്രം
text_fieldsകോഴിക്കോട്: പത്തുലക്ഷത്തോളം വനിത വോട്ടർമാർ അധികമുണ്ടായിട്ടും വനിതകളെ സ്ഥാനാർഥികളാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ കാണിച്ചത് വലിയ ‘അവഗണന’. ആകെയുള്ള 20 സീറ്റിൽ യു.ഡി.എഫ് ഒരിടത്തുമാത്രമാണ് വനിതയെ പരിഗണിച്ചത്. അതും സംവരണ മണ്ഡലമായ ആലത്തൂരിൽ സിറ്റിങ് എം.പിയെ. അതേസമയം എൽ.ഡി.എഫ് വടകര, വയനാട്, എറണാകുളം എന്നിവിടങ്ങളിലായി മൂന്നുപേർക്ക് അവസരം നൽകി. സ്ത്രീ-പുരുഷ തുല്യത ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും പാർലമെന്റിൽ വനിത സംവരണ ബിൽ പാസാവുകയുംചെയ്ത വേളയിലാണ് തെരഞ്ഞെടുപ്പിൽ വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടാതെപോയത് എന്നതാണ് ഖേദകരം.
പാർട്ടികൾ വനിതകളെ വേണ്ടത്ര പരിഗണിക്കാത്തതിൽ വനിത സംഘടനകളും വിമർശനവുമായി രംഗത്തുവന്നില്ല എന്നതാണ് അതിശയകരം. വനിതയും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളുമെന്ന നിലയിൽ, തന്നെ വടകരയിൽ പരിഗണിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്രതികരണം നടത്തിയെന്നതുമാത്രമേ ഇതിനൊരപവാദമുള്ളൂ. സ്ത്രീ-പുരുഷ തുല്യതക്കായി വാതോരാതെ സംസാരിക്കുന്ന വനിത രാഷ്ട്രീയ നേതാക്കളും വനിതകളെ വേണ്ടത്ര പരിഗണിക്കാത്തതിൽ മൗനം പാലിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പരിശോധിച്ചാൽ ആകെയുള്ള 2,70,99,326 വോട്ടർമാരിൽ 1,39,96,729 പേർ വനിതകളും 1,31,02,288 പേർ പുരുഷന്മാരും 309 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. ചുരുക്കത്തിൽ 8,94,441 വനിത വോട്ടർമാരാണ് പുരുഷന്മാരേക്കാൾ കൂടുതലുള്ളത്. ജില്ലതിരിച്ചുള്ള വോട്ടർപട്ടിക നോക്കിയാൽ മലപ്പുറത്തൊഴികെ ബാക്കി 13 ജില്ലകളിലും വനിത വോട്ടർമാരാണ് കൂടുതൽ. മലപ്പുറത്ത് 1,203 പുരുഷ വോട്ടർമാർ കൂടുതലുണ്ട്. ഒട്ടുമിക്ക ലോക്സഭ മണ്ഡലങ്ങളിലും അര ലക്ഷത്തിലധികമാണ് വനിതവോട്ടർമാർ. അന്തിമ വോട്ടർപട്ടികയിൽ കണക്കിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകും.
പാർട്ടിതിരിച്ചുള്ള കണക്കുകൾ നോക്കുമ്പോൾ, കോൺഗ്രസ് 16ൽ ഒരിടത്തും സി.പി.എം 15ൽ രണ്ടിടത്തും സി .പി.ഐ നാലിൽ ഒരു മണ്ഡലത്തിലുമാണ് വനിതകളെ മത്സരിപ്പിക്കുന്നത്. 12 ഇടത്ത് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ മൂന്ന് വനിതകളുണ്ട്. മൂന്ന് മുന്നണികളിലായി തെരഞ്ഞെടുപ്പ് ഗോദയിലുള്ള മറ്റു പാർട്ടികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി, ബി.ഡി.ജെ.എസ് എന്നിവർ വനിതകളെ ഒട്ടും പരിഗണിച്ചിട്ടുമില്ല.
മുന്നണികളിലാകെ നാല് വനിതകൾ
കോഴിക്കോട്: പ്രമുഖ മുന്നണികളായ എൽ.ഡി.എഫിലും യു.ഡി.എഫിലുമായി മത്സരരംഗത്തുള്ളത് നാല് വനിതകൾ മാത്രമാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി വടകരയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ, എറണാകുളത്ത് പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ.ജെ. ഷൈൻ, വയനാട്ടിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയുമാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫിനായി ആലത്തൂരിൽ സിറ്റിങ് എം.പി. രമ്യ ഹരിദാസാണ് രംഗത്ത്. എൻ.ഡി.എ പട്ടികയിൽ കാസർകോട്, ആലപ്പുഴ, പൊന്നാനി എന്നിവിടങ്ങളിൽ യഥാക്രമം ബി.ജെ.പിയിലെ എം.എൻ. അശ്വിനി, ശോഭ സുരേന്ദ്രൻ, നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് വനിത സ്ഥാനാർഥികൾ. എൻ.ഡി.എയിൽ രണ്ടിടത്ത് ബി.ഡി.ജെ.എസും നാലിടത്ത് ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.