പാഠം ഒന്ന് ഇലക്ഷൻ കേസ്: ഇസ്മയിൽ ‘ജയിച്ചു’, നീതിപീഠം ‘തോറ്റു’
text_fieldsകൊച്ചി: വിജയിയായി ഹൈകോടതി പ്രഖ്യാപിച്ചിട്ടും ഒരുദിവസം പോലും പാർലമെൻറ് അംഗമായിരിക്കാൻ യോഗമില്ലാതെ പോയ കഥയാണ് സി.പി.എം നേതാവ് പി.എം. ഇസ്മയിലിന്റേത്. വിധി അപ്പീലിൽ കുരുങ്ങി കോടതി നടപടിക്രമങ്ങൾ വർഷങ്ങൾ നീണ്ടതാണ് വിനയായത്. സുപ്രീംകോടതിയുടെ അന്തിമ വിധിയിലും ഇസ്മയിലിന്റെ അർഹത അടിവരയിട്ടു. എന്നാൽ, അപ്പോഴേക്കും പാർലമെന്റിന്റെ കാലാവധി കഴിഞ്ഞു. 20 വർഷം മുമ്പത്തെ ഈ തെരഞ്ഞെടുപ്പ് ഗാഥ ഇപ്പോൾ നിയമവിദ്യാർഥികളുടെ പാഠ്യവിഷയമാണ്.
മകൻ ജോസ് കെ. മാണിക്ക് പാർലമെന്ററി രംഗത്ത് അരങ്ങേറ്റം കുറിക്കാൻ 2004ൽ സാക്ഷാൽ കെ.എം. മാണി തെരഞ്ഞെടുത്ത കേരള കോൺഗ്രസ് തട്ടകമായ മൂവാറ്റുപുഴ പി.എം. ഇസ്മയിൽ എതിരാളിയായി വന്നതോടെയാണ് തീപാറും മത്സരച്ചൂടിലായത്. ത്രികോണ മത്സരത്തിൽ ആദ്യമേ ജയം ഉറപ്പിച്ചായിരുന്നു ഇസ്മയിലിന്റെ തേരോട്ടം. കൂടിയ ആത്മവിശ്വാസത്തിനൊടുവിൽ 529 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിന് അപ്രതീക്ഷിത ജയം. ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചിരുന്ന കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കാലിടറിയ ജോസ് കെ. മാണി കന്നിയങ്കത്തിൽ മൂന്നാം സ്ഥാനത്തും.
വിജയം ഉറപ്പിച്ചശേഷം വഴുതിപ്പോയ സൗഭാഗ്യത്തെക്കുറിച്ച് ഇസ്മയിൽ അത്ര വാചാലനല്ല. വിജയം അനുഭവിക്കാത്തിടത്തോളം തോൽവി തോൽവി തന്നെയെന്നാണ് പാർട്ടി ജില്ല കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ ഇസ്മയിലിന്റെ പ്രതികരണം. വോട്ടെണ്ണുമ്പോൾ വിജയം ഉറപ്പിച്ച് പാർട്ടി ഓഫിസിൽ ഇരിക്കുകയായിരുന്നു. ജയിച്ചെന്ന് ആദ്യം അറിയിപ്പ്. വോട്ടെണ്ണിക്കഴിഞ്ഞു, പോസ്റ്റൽ വോട്ടുകൾകൂടി ഉൾപ്പെടുത്തി 34 വോട്ടിന് ജയിച്ചെന്ന് ടി.വിയിൽ വാർത്ത വന്നു. പ്രകടനവും പടക്കംപൊട്ടിക്കലുമായി പ്രവർത്തകർ രംഗത്തിറങ്ങി. അധികംകഴിയാതെ തിരുത്തുവന്നു. പോസ്റ്റൽ വോട്ട് രണ്ടുവട്ടം കൂട്ടിയതാണ് പ്രശ്നമായത്. 529 വോട്ടിന് പി.സി. തോമസാണ് വിജയി. മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി.ജെ.പി പിന്തുണയോടെ മത്സരിച്ചതാണ് തോമസ്. കേരളത്തിൽ എൽ.ഡി.എഫ് 18 സീറ്റ് നേടിയ തെരഞ്ഞെടുപ്പിൽ തോറ്റ രണ്ടേ രണ്ട് സീറ്റിൽ ഒന്നായി മൂവാറ്റുപുഴ.
ജയിച്ചതായി ഹൈകോടതിയുടെ കൃത്യമായ തീർപ്പാണ് പിന്നീടുണ്ടായത്. തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി പി.സി. തോമസിന്റെ ജയം ചോദ്യംചെയ്തുള്ള ഹരജിയിൽ ഇത് ശരിവെച്ചാണ് തോമസിന്റെ വിജയം ഹൈകോടതി റദ്ദാക്കിയതും ഇസ്മയിലിനെ വിജയിയായി പ്രഖ്യാപിച്ചതും. തോമസ് പക്ഷേ, സുപ്രീംകോടതിയെ സമീപിച്ച് ഉത്തരവ് മരവിപ്പിച്ചു. എന്നാൽ, വിചാരണക്കൊടുവിൽ തോമസിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ സുപ്രീംകോടതി ഇസ്മയിലാണ് വിജയിയെന്ന ഹൈകോടതി വിധി ശരിവെച്ചു. ലോക്സഭ കാലാവധി കഴിഞ്ഞതിനാൽ വിജയിയായി പ്രഖ്യാപിക്കുന്നില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധിന്യായം. വൈകി ലഭിക്കുന്ന നീതി, യഥാർഥത്തിൽ നീതി നിഷേധംതന്നെയെന്ന് അടിവരയിടുന്നതായി സുപ്രീംകോടതിയുടെ ഈ തീർപ്പ്. ഇക്കാരണത്താൽ തന്നെയാകാം മൂവാറ്റുപുഴ തെരഞ്ഞെടുപ്പ് കേസ് നിയമ വിദ്യാർഥികൾക്ക് പാഠഭാഗമായതും. 13 വർഷം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനായിരുന്ന ഇസ്മയിൽ നിലവിൽ കൺസ്യൂമർ ഫെഡ് വൈസ് ചെയർമാനും മൂവാറ്റുപുഴ സഹകരണ ആശുപത്രി ചെയർമാനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.