ആരുടെ നാവിൽ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തട്ടെ -സതീശൻ
text_fieldsതിരുവനന്തപുരം: ആർക്കാണ് അഹങ്കാരമെന്നും ആരുടെ നാവിൽനിന്നാണ് വേണ്ടാത്തത് വരുന്നതെന്നും ജനം വിലയിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവായതിനുശേഷം താന്‍ ഒരു വാക്കുപോലും എതിരെ പറഞ്ഞിട്ടില്ലാത്തയാള് തനിക്കെതിരെ പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഇതൊക്കെ പൊതുസമൂഹം വിലയിരുത്തും. ഇതിനൊക്കെ മറ്റാരും മറുപടി പറയരുതെന്നും നിർദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ എല്ലാവര്ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. അതാണോ അഹങ്കാരം? വിമര്‍ശിച്ചവരുടെ മെക്കിട്ടു കയറുന്നതല്ലേ അഹങ്കാരം.
വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണോ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പൊതുസമൂഹം വിലയിരുത്തട്ടെ. തന്നെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല. യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്.
അപ്പോള്‍ യു.ഡി.എഫിനെ ആക്രമിക്കുന്നതിന് പകരം തന്നെ വ്യക്തിപരമായാകും ആക്രമിക്കുന്നത്. അതിനൊക്കെ യു.ഡി.എഫ് ചെയര്മാന് എന്ന നിലയില്‍ മാത്രമേ മറുപടി നല്‍കാനാകൂ. വ്യക്തിപരമായി മറുപടി പറയാനാകില്ല. ഒരു മതസംഘടനയുമായും യു.ഡി.എഫിന് പ്രശ്നമില്ല. അവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നില്ക്കും.
അല്ലാതെ, രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ല. ന്യൂനപക്ഷ വര്‍ഗീയതക്കും ഭൂരിപക്ഷ വര്‍ഗീയതക്കുമെതിരെയുള്ള നിലപാടില്‍ ജീവനുള്ളിടത്തോളം വെള്ളം ചേര്‍ക്കില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.