സാഹോദര്യം പുലരട്ടെ, ജനായത്തം വിടരട്ടെ
text_fields1920കളിൽതന്നെ കേരളത്തിലും ഇന്ത്യയിലും ആദ്യമായി പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ചു പറഞ്ഞ സാമൂഹിക രാഷ്ട്രീയ ജനായത്തചിന്തകൻ സഹോദരൻ അയ്യപ്പന്റെ 54ാം വിയോഗ വാർഷിക ദിനമാണിന്ന്. 1930കളിൽ തന്നെ പാർശ്വവത്കൃതരുടെ പ്രതിനിധാനത്തെ കുറിച്ച് രാഷ്ട്രീയ പദ്ധതികളും നയരൂപവത്കരണവും നടത്തിയ ഈ മാതൃകാ രാഷ്ട്രീയ മീമാംസകനെ പാഠ്യപദ്ധതിയിൽപോലും തമസ്കരിക്കുകയാണ് കേരളം.
ലോകചിന്തകനും നൈതിക ദാർശനികനും സാമൂഹിക വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുവിനെ വെറും ആത്മീയവാദിയും ഹൈന്ദവ സന്യാസിയുമായി ചുരുക്കുന്ന അതേ രീതിയിൽ സഹോദരനെ കേവലം നിരീശ്വരവാദിയും സമുദായവാദിയുമായി ഒതുക്കുകയാണിവിടെ.
പുരാണ പട്ടത്താനങ്ങളും സവർണ ആഖ്യാനങ്ങളും ഉന്നത വിദ്യാഭാസ മാധ്യമ അജണ്ടകളുടെ ഭാഗമാക്കുകയാണ്. സംസ്കാര ദേശീയവാദത്തിനും സമഗ്രാധിപത്യത്തിനും ഭരണഘടനാ അട്ടിമറിക്കും വേണ്ടി കുഴലൂതുന്ന ജാതിഹിന്ദു സഖ്യങ്ങളും അവരുടെ അധീശ സമ്മർദത്തിൽ ദിശാബോധം നഷ്ടമായ പിന്നാക്കസമൂഹങ്ങൾപോലും ആധുനിക കേരളത്തെ നിർമിച്ച സഹോദരനെ വായിക്കുകയോ അറിയുകയോ ചെയ്യുന്നില്ല.
സഹോദരനും മൂലൂരും ഗുരുവും കറുപ്പനുമടക്കമുളള ആധാര നവോത്ഥാന ജാതിവിമർശന ജനായത്ത ശബ്ദങ്ങളെ പാഠ്യപദ്ധതിയും അക്കാദമിക മാധ്യമ സംസ്കാരങ്ങളും ഒഴിവാക്കി നിർത്തുന്നു. ഗുരുവരുളിയ ചരിത്ര വിമർശനമുള്ള യുക്തിയുക്ത വിചാരങ്ങളും സംഭാഷണങ്ങളും മൂലൂർ, കറുപ്പൻ, സഹോദരൻ കവിതകളും പൊയ്കയുടെ പാട്ടുകളും അടിസ്ഥാന തലം മുതൽ ഗവേഷണ തലം വരെ പാഠ്യപദ്ധതിയുടെ പ്രാഥമിക പാഠങ്ങളാകേണ്ടതുണ്ട്. കേരള- തമിഴ്നാട് സർക്കാറുകളുടെ അടിയന്തര ഇടപെടലിക്കാര്യത്തിലാവശ്യമാണ്.
സാമൂഹിക അസമത്വവും അമിതാധികാര കുത്തകയും പ്രാതിനിധ്യ അസന്തുലനവും കേരള സമൂഹത്തിലേറുകയാണ്. പാചകം മുതൽ പൗരോഹിത്യം വരെ പതിറ്റാണ്ടുകളായി കുത്തകയാക്കി വെച്ചിരുന്നവർക്ക് അമിതാധികാരം നൽകാൻ ഇന്ത്യൻ നിർമാണ ഘടനതന്നെ അട്ടിമറിച്ചുകൊണ്ട് സാമ്പത്തിക സംവരണം കൂടി നടപ്പാക്കപ്പെടുകയാണെന്നും അടിസ്ഥാന അധ്വാന ജനതകളായ പിന്നാക്ക ദലിതബഹുജനങ്ങൾ വൈകിയെങ്കിലും തിരിച്ചറിയുന്നത് നന്നാകും. കാൽകഴികിച്ചൂട്ട് പോലുള്ള സാമൂഹിക ഉച്ചനീചത്വങ്ങൾ തിരികെ വരുമ്പോൾ ആധുനിക കേരളത്തിനാധാരമായ മാനവികവും മതേതരവും സാഹോദര്യത്തിലും മൈത്രിയിലുമൂന്നുന്ന യുക്തിയുക്തവും സത്യനീതി ബദ്ധവുമായ യാഥാർഥ്യബോധവും സാമൂഹ്യ ചരിത്രബോധവും സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധതയും ജനായത്തപരമായ പ്രതിരോധങ്ങളും ഉയർന്നു വരേണ്ടതുണ്ട്. സമഗ്രാധികാരത്തേയും അപരവത്കരണത്തേയും അപമാനവീകരണത്തേയും സഹോദരങ്ങളെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന വർണാശ്രമ വിഭജന ഭരണ തന്ത്രങ്ങളേയും സാഹോദര്യത്തിലൂടെ നമുക്കു മറികടക്കാനായേക്കാം.
സഹോദരനെ കുറിച്ചുള്ള പുതുമാധ്യമ അക്കാദമിക സാംസ്കാരിക വ്യവഹാരങ്ങളാണ് വർത്തമാന ഭാവികൾ അനിവാര്യമാക്കുന്നത്.
(കാലടി സംസ്കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറും സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഓഡിനേറ്ററുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.