കണ്ണുള്ളവർ കാണട്ടെ; പരീക്ഷ എഴുതാനാവാതെ അന്ധവിദ്യാർഥികൾ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിവിധ പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ അന്ധവിദ്യാർഥികൾ ആശങ്കയിൽ. പരീക്ഷയെഴുതാൻ സഹായികളെ കിട്ടാത്തതാണ് നിരവധി അന്ധവിദ്യാർഥികളെ ദുരിതത്തിലാക്കുന്നത്. വ്യാഴാഴ്ച മലയാളം ഒന്നാം സെമസ്റ്റർ ഇംപ്രൂവ്മെൻറ് പരീക്ഷയുള്ളവരടക്കമാണ് സഹായികളില്ലാതെ 'കൂരിരുട്ടിലായത്'.
ലോക്ഡൗണിന് മുമ്പ് പരീക്ഷ എഴുതാൻ സഹായികളെ (സ്ക്രൈബ്) കിട്ടിയിരുന്നു. എന്നാൽ, കോവിഡ് പടരുന്ന സമയത്ത് സ്ക്രൈബ് ആയി ആരും വരുന്നില്ല. കോവിഡ് ഭീതിയിൽ പലരും വരാൻ മടിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകളുമുണ്ടെന്ന് തൃശൂർ കേരള വർമ കോളജിലെ അവസാന വർഷ ബിരുദ മലയാളം വിദ്യാർഥിയായ നിക്സൺ പറഞ്ഞു. സഹായിക്കാനെത്തുന്ന വിദ്യാർഥി ചോദ്യങ്ങൾ വായിച്ച ശേഷം ശബ്ദം കുറച്ചാണ് അന്ധ വിദ്യാർഥികൾ ഉത്തരം പറഞ്ഞുെകാടുക്കേണ്ടത്. പുതിയ സാഹചര്യത്തിൽ മാസ്കിട്ട് ഉത്തരം പറഞ്ഞുകൊടുക്കുന്നത് എളുപ്പമല്ല. മാസ്ക് ഊരിയാൽ കോവിഡ് മാനദണ്ഡങ്ങളുെട ലംഘനവുമാവും. ഗുരുവായൂർ സ്വദേശിയായ നിക്സൺ സുഹൃത്തിെൻറ കൂടെയായിരുന്നു കോളജിൽ വന്നിരുന്നത്. അടുത്ത മാസം 11നാണ് നിലവിലെ അഞ്ചാം സെമസ്റ്ററായ നിക്സന് നാലാം സെമസ്റ്റർ പരീക്ഷ. അതിനിടയിൽ സ്ക്രൈബിനെ കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ല.
ആലപ്പുഴ സ്വദേശിനിയായ ദിവ്യയും ഏറെ പ്രയാസത്തിലാണ്. കേരളവർമ കോളജിലെ അവസാന വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ് ദിവ്യ. കഴിഞ്ഞ വർഷം വരെ ഹോസ്റ്റലിൽ പഠിച്ചിരുന്ന ദിവ്യ ഇപ്പോൾ വീട്ടിലാണ്. കോളജിലെ വിദ്യാർഥിനികളായിരുന്നു മുമ്പ് സഹായിച്ചിരുന്നത്. ആറ് വിഷയങ്ങൾക്ക് ആറു പേരെ വേണം. ആലപ്പുഴയിൽനിന്ന് തൃശൂരെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ അമ്പലപ്പുഴ ഗവ. കോളജാണ് ദിവ്യക്ക് അനുവദിച്ചത്. എന്നാൽ, ഇവിടെ പരീക്ഷയെഴുതാൻ അസൗകര്യമുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചത് ഇരട്ടി ദുരിതമായി. നവംബർ11നാണ് ദിവ്യക്കും പരീക്ഷ തുടങ്ങുന്നത്. മലബാറിലെ പല കോളജുകളിലും പരീക്ഷ എഴുതുന്ന അന്ധവിദ്യാർഥികളെ സഹായിക്കാൻ സ്ൈക്രബ് ബാങ്ക് തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് ആ സേവനവും നിലച്ചിരിക്കുകയാണ്. നിലവിൽ കോവിഡ് പോസിറ്റിവായ വിദ്യാർഥികൾക്ക് പിന്നീടാണ് പരീക്ഷ നടത്തുന്നത്. അന്ധവിദ്യാർഥികൾക്ക് സ്ക്രൈബുകളെ കിട്ടിയില്ലെങ്കിൽ അവർക്കായി പിന്നീട് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് അധികൃതരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.