ഇനി മടങ്ങട്ടെ...
text_fieldsകുവൈത്ത് സിറ്റി: ഒരേ മുറിയിലും കെട്ടിടത്തിലും പല നാളുകളായി ഒരുമിച്ചുറങ്ങിയവർ. പ്രവാസഭൂമികയിലിരുന്ന് നാടിനെയും വീടിനെയും കുറച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്തവർ. എന്നാൽ, ആ സ്വപ്നങ്ങൾക്കുമേൽ തീയും പുകയും വന്നുമൂടി. ഇന്നവർ ഒന്നിച്ചു മടങ്ങി, അവർ പോലുമറിയാതെ. ചെറിയൊരു തീനാളം അഗ്നിഗോളമായി വളർന്ന് കെട്ടിടത്തെ മൂടിയപ്പോൾ ജീവിതത്തിലേക്ക് കൺതുറക്കാനാകാതെ നിസ്സഹായരായി ഇവർ മരണത്തിന് കീഴടങ്ങി. കുവൈത്ത് മൻഗഫിൽ കെട്ടിടത്തിന് തീപിടിച്ച് മരിച്ച 45 ഇന്ത്യക്കാരെയും വെള്ളിയാഴ്ച പുലർച്ച പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പറന്നപ്പോൾ പ്രവാസലോകം വിതുമ്പി.
ആശങ്കകൾക്കും പിറകെയുള്ള അനിശ്ചിതത്വങ്ങൾക്കും ഒടുവിലായിരുന്ന ഒറ്റ വിമാനത്തിൽ ഒരുമിച്ചുള്ള മടക്കം. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ഒരുമിച്ച് ഉറങ്ങാൻ കിടന്ന കുവൈത്ത് മൻഗഫിലെ 176 പേരിൽ 49 പേരും ദജീജിലെ മോർച്ചറിയിലും ഒരുമിച്ചായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കത്തിന്റെ രണ്ടുനാൾ പിന്നിട്ട് മടക്കയാത്ര ആരംഭിച്ചു. മോർച്ചറിയിൽനിന്ന് മൃതദേഹങ്ങൾ എംബാം ചെയ്ത് നടപടികൾ പൂർത്തിയാകാൻ വ്യാഴാഴ്ച രാത്രി 10 മണിയായി. രാത്രി വൈകിയും മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടിയവരെ ഒഴിവാക്കാൻ അധികൃതർക്ക് ഇടപെടേണ്ടിവന്നു.
പിന്നെ നിരനിരയായി ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് നീങ്ങി. അപകടത്തിനു പിറകെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളിലും മോർച്ചറികളിലുമായി ഉറക്കം കളഞ്ഞ് ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടി അലഞ്ഞവർ പതിയെ വിധിയെ ഉൾക്കൊണ്ടു. ആൾക്കൂട്ടത്തിനിടയിൽനിന്ന് അവരും ആംബുലൻസുകൾക്കുനേരെ കൈവീശി യാത്രചൊല്ലി. ദജീജിലെ മോർച്ചറി മുതൽ വിമാനത്താവളംവരെ ചിലർ ആംബുലൻസുകളെ അനുഗമിച്ചു.
തീപിടിത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട 23 മലയാളികൾ അടക്കമുള്ള 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. വെള്ളി പുലർച്ച ഒരുമണിയോടെ ഇന്ത്യൻ എയർഫോഴ്സ് വിമാനം കുവൈത്തിൽ നിന്നു പുറപ്പെട്ടു. രാവിലെ കൊച്ചിയിലെത്തിയ വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് തിരിച്ചു. അവിടെനിന്ന് പല വഴികളിലേക്കായി അവർ പിന്നെയും യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.