ആകാശ് തില്ലങ്കേരിയുടെ ദീർഘായുസിന് വേണ്ടി പ്രാർഥിക്കാം -ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: സ്വർണകടത്ത് കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതോടെ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്. ഒരു കൂട്ടു കച്ചവടത്തിനിറങ്ങിയിട്ട് ഒടുവിൽ തമ്മിൽ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയിൽ നിന്നും ഡി.വൈ.എഫ്.ഐയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഇരുവരുടെയും ഭാഷയിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണെന്ന് സിദ്ദീഖ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഇനി നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ പറയുമ്പോൾ ഇതിനു മുമ്പ് കൃത്യമായി സ്വർണ്ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കൽ തന്നെയാണ്. ഈ വിഴുപ്പലക്കൽ ഭരണത്തിന്റേയും സി.പി.എമ്മിന്റേയും തണലിൽ ഡി.വൈ.എഫ്.ഐ നാടിനു വേണ്ടി എന്ത് ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. കൂടെയുള്ളവൻ തെറ്റിപ്പോയാൽ എന്ത് ചെയ്യണമെന്ന് ആ പാർട്ടിക്ക് നന്നായി അറിയാം. ആകാശ് തില്ലങ്കേരിയുടെ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്" - സിദ്ദീഖ് പറയുന്നു.
സ്വർണക്കടത്ത് കേസിൽ പ്രതികളായ അർജുൻ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും തള്ളിപറഞ്ഞ് സി.പി.എമ്മും, ഡി.വൈ.എഫ്.ഐയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇരുവരും കൊടും ക്രമിനലുകളാണെന്നും ഡി.വൈ.എഫ്.ഐയുടെ യൂനിറ്റ് കമ്മിറ്റിയിൽ പോലും അവർ അംഗമല്ലന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് പറഞ്ഞിരുന്നു. കൊടി പിടിച്ചുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിലൂടെ തങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് തെളിയാക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് സതീഷ് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.