ജെയ്റ്റിലിക്ക് തുറന്ന കത്തുമായി എം.ബി. രാജേഷ് എം.പി
text_fieldsപാലക്കാട്: തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകെൻറ വീട് സന്ദർശിക്കാൻ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.ബി. രാജേഷ് എം.പിയുടെ തുറന്ന കത്ത്. അതിർത്തിയിൽ പ്രശ്നം പുകയുമ്പോഴും ജി.എസ്.ടി ആശയക്കുഴപ്പത്തിൽ സാമ്പത്തികവളർച്ച മുരടിക്കുമ്പോഴും രാജ്യത്തെ തെക്കേയറ്റത്തുള്ള കേരളം സന്ദർശിക്കാൻ മന്ത്രി കാണിച്ച മനസ്സിന് അഭിനന്ദനാർഹമെന്ന് എം.പി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരിൽ ഒരാളുടെ കുടുംബത്തെപ്പോലും സന്ദർശിക്കാൻ താങ്കൾക്ക് സമയം കിട്ടിയില്ല. പക്ഷേ, കേരളത്തിൽ ഗുണ്ട ആക്രമണത്തിൽ മരിച്ച ആർ.എസ്.എസ് പ്രവർത്തകെൻറ വീട്ടിലെത്താൻ താങ്കൾ സമയം കണ്ടെത്തി. കല്ലുകൾ കൊണ്ടല്ല, ആതിഥ്യമര്യാദകൾ കൊണ്ടാണ് കേരളം അതിഥികളെ സ്വീകരിക്കുക.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി നേരിടേണ്ടി വന്നു. കർണാടകയിലും ആർ.എസ്.എസ് പ്രവർത്തകർ അദ്ദേഹത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി.പി.എമ്മുകാരുടെതും ശാഖയിൽ പോകാൻ വിസമ്മതിച്ച അനന്തു, നിർമൽ എന്നിവരുടെയും വീടുകൾ സന്ദർശിക്കണം.
ഒരിക്കൽ കേരളത്തെ സോമാലിയ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു, മറ്റൊരിക്കൽ ഒരു ദേശീയ ചാനൽ പാകിസ്താനെന്ന് മുദ്രകുത്തി. സമാധാനശ്രമത്തിന് കൂടെ നിൽക്കാൻ നിങ്ങളുടെ സംസ്ഥാന നേതാക്കളോട് പറയുക. മനുഷ്യജീവൻ നഷ്ടപ്പെടുന്നത് എല്ലാവർക്കും സങ്കടകരമാണ്- എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.