കത്ത് വിവാദം: തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി–സി.പി.എം കൗൺസിലർമാർ തമ്മിൽ സംഘർഷം
text_fieldsതിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി–സി.പി.എം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ ബി.ജെ.പി കൗൺസിലർമാർ മുറിക്കകത്ത് പൂട്ടിയിട്ടപ്പോൾ ഇത് സി.പി.എം കൗൺസിലർമാർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ വയോധികക്ക് സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവ പെൻഷന്റെ കാര്യം അന്വേഷിക്കാനാണ് ഇവർ എത്തിയിരുന്നത്. വയോധിക ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കുമ്പോഴാണ് ബി.ജെ.പി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം കണ്ട് ചിലർ മുറിയിൽനിന്ന് ഇറങ്ങിയോടി.
രാവിലെ പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കോർപറേഷന്റെ പ്രധാന കെട്ടിടത്തിലെ ഗ്രിൽ തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഗേറ്റ് തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതോടെയുണ്ടായ ഉന്തിനും തള്ളിനും ഇടയിലാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പൂട്ടിയിട്ടത്.
പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ നീക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കൗണ്‍സിലർമാരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തളർന്നു വീഴുകയും ചെയ്തു. തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാർ അൽപസമയത്തിനുശേഷം വീണ്ടും അകത്തേക്ക് കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു.
വനിത കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗ്രില്ലിന്റെ പൂട്ട് തകർക്കാനും ബി.ജെ.പി കൗണ്‍സിലർമാർ ശ്രമിച്ചു. സി.പി.എം കൗൺസിലർമാർ ഇതിനെ ചെറുത്തു. ഒരു ബി.ജെ.പി കൗൺസിലർക്ക് പരിക്കേറ്റു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിത കൗൺസിലർമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.