കത്ത് വിവാദം: മേയർക്കെതിരെ ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം; പ്രത്യേക കൗൺസിൽ യോഗം അലങ്കോലമായി
text_fieldsതിരുവനന്തപുരം: താൽക്കാലിക ഒഴിവിലേക്ക് സി.പി.എം പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് മേയറുടെ നിയമനക്കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷന്‍റെ പ്രത്യേക കൗൺസിൽ യോഗം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി. ആരോപണ വിധേയയായ മേയർ ആര്യ രാജേന്ദ്രൻ യോഗത്തിന്‍റെ അധ്യക്ഷ പദം അലങ്കരിക്കുന്നതിനെതിരെ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ കരിങ്കൊടിയും ബാനറും ഗോ ബാക്ക് വിളികളുമായി നടുത്തളത്തിലിറങ്ങിയതോടെ വിവാദം ചർച്ച ചെയ്യാതെ കൗൺസിൽ പിരിഞ്ഞു.
യോഗത്തിൽനിന്ന് മേയർ മാറിനിൽക്കണമെന്നും പകരം അധ്യക്ഷ സ്ഥാനം ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന് നൽകണമെന്നും ആവശ്യപ്പെട്ട് കേരള മുനിസിപ്പൽ നിയമം 39(4) പ്രകാരം യു.ഡി.എഫ് കഴിഞ്ഞദിവസം കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് വെള്ളിയാഴ്ച ബി.ജെ.പിയും മേയർക്ക് കത്ത് നൽകി. എന്നാൽ ഇത് അംഗീകരിക്കാൻ എൽ.ഡി.എഫ് തയാറായില്ല. ധനപരമായ അഴിമതിയോ ആരോപണങ്ങളോ നേരിടുന്നെങ്കിൽ മാത്രം അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയാൽ മതിയെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ മേയർ തന്നെ യോഗത്തിൽ അധ്യക്ഷത വഹിക്കണമെന്ന ഭരണപക്ഷ തീരുമാനമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. ഇവരെ പ്രതിരോധിക്കാനും മേയറെ സംരക്ഷിക്കാനുമായി എൽ.ഡി.എഫ് കൗൺസിലർമാരും മേയറുടെ ഡയസിൽ കയറി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ കൗൺസിൽ ഹാളിലെത്തിയത്. ഇതോടെ ഗോ ബാക്ക് വിളികളുമായി മേയറെയും ചേംബറിനെയും മറച്ച് ബി.ജെ.പി അംഗങ്ങൾ കറുത്ത ബാനർ ഉയർത്തി. യു.ഡി.എഫ് കൗൺസിലർമാർ മേയർക്ക് നേരെ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ചു. മേയർക്ക് പിന്തുണയുമായി എൽ.ഡി.എഫ് അംഗങ്ങളും ബാനർ ഉയർത്തി. തുടർന്ന് മേയർ യോഗ നടപടികളിലേക്ക് കടന്നു.
വിഷയം അവതരിപ്പിക്കാൻ ബി.ജെ.പിയെ മേയർ ക്ഷണിച്ചെങ്കിലും സംസാരിക്കാൻ ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ തയാറായില്ല. ഇതോടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെ സംസാരിക്കാൻ മേയർ ക്ഷണിച്ചു. പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടയിൽ ഒരു മണിക്കൂറോളം എൽ.ഡി.എഫ് അംഗങ്ങൾ മാത്രം സംസാരിച്ചു. ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ചും ബി.ജെ.പി കൗൺസിലർമാരുടെ ഭർത്താക്കന്മാർക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഇടത് കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഇതിനിടയിൽ യു.ഡി.എഫ് കൗൺസിലർമാർ രണ്ട് തവണ മേയറുടെ ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചത് എൽ.ഡി.എഫ് വനിത കൗൺസിലർമാർ തടഞ്ഞു. ഇത് ചെറിയ രീതിയിൽ ഉന്തും തള്ളിനും ഇടയാക്കി. ഇടതുപക്ഷ അംഗങ്ങൾ സംസാരിച്ചുകഴിഞ്ഞതോടെ യോഗം അവസാനിപ്പിക്കുന്നതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പ്രത്യേക കൗൺസിലിന് നോട്ടീസ് നൽകിയിട്ടും വിഷയം ചർച്ച ചെയ്യാനുള്ള സാമാന്യ മര്യാദപോലും ബി.ജെ.പി കാണിച്ചില്ലെന്ന് മേയർ പറഞ്ഞു. കൗൺസിൽ പിരിച്ചുവിട്ടതോടെ യു.ഡി.എഫും ബി.ജെ.പിയും കോർപറേഷൻ ഓഫിസ് പരിസരത്ത് പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.