രാജ്യത്ത് നിലനിൽക്കുന്നത് ആശങ്കജനകമായ അവസ്ഥ -അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എം.പിമാരും അനീതി ചൂണ്ടിക്കാട്ടിയവരൊക്കെ രാജ്യദ്രോഹികളുമാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ‘ജയ്ശ്രീറാം’ കൊലവിളിയാക്കിമാറ്റി നടത്തുന്ന ആൾക്കൂട്ട അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച താനടക്കം 49 സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആശങ്കജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയിൽജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. സര്‍ക്കാറിനോ ഭരണത്തിനോ വ്യക്തികള്‍ക്കോ എതിരായിരുന്നില്ല അത്. അനീതി ശ്രദ്ധയിൽെപടുത്തുകമാത്രമായിരുന്നു ഉദ്ദേശ്യം. കത്തെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരനല്ല. ഇത്തരമൊരു പരാതി കോടതി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആശങ്കജനകമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ഒരുസംഘമാളുകള്‍ ഗാന്ധിജിയുടെ ജന്മദിനത്തില് അദ്ദേഹത്തിെൻറ പൊള്ളയായ പ്രതിമയുണ്ടാക്കി അതില്‍ വെടിെവച്ച് ആഘോഷിച്ചു. ഗാന്ധിയുടെ എല്ലാ ജന്മദിനത്തിലും ഇങ്ങനെ ആഘോഷിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. അവരാരും രാജ്യദ്രോഹികളായില്ല. ഒരു കോടതിയും അതിനെ ചോദ്യംചെയ്തില്ല. ഒരു കേസുപോലും എടുത്തില്ല. അതിന് നേതൃത്വം നല്കിയ സ്ത്രീ എം.പിയാണ്. ഗാന്ധിജിയെ വെടിെവച്ചുകൊന്ന ഗോദ്സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും എം.പിയാണ്. ഇവരെല്ലാം ഒരുലക്ഷത്തിൽപരം വോട്ട് നേടിയാണ് എം.പിയായത്. നീതിന്യായവ്യവസ്ഥയെത്തന്നെ സംശയിച്ചുപോകുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നും അടൂർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം പിൻവലിക്കണം –മന്ത്രി ബാലൻ
പാലക്കാട്: വർഗീയ ശക്തികൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിെൻറ അടിത്തറ തകർക്കുന്നു –ചെന്നിത്തല
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിെൻറ സൂചന –സുധീരൻ
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രമുഖർക്കെതിരെ കേസെടുത്ത നടപടി രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിെൻറ വ്യക്തമായ സൂചനയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു.
പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നു –എം.പി. വീരേന്ദ്രകുമാര്‍
കോഴിക്കോട്: പ്രധാനമന്ത്രിക്ക് കത്തയക്കാനുള്ള സ്വാതന്ത്ര്യം പോലും രാജ്യത്തെ പൗരന്മാര്ക്ക് നിഷേധിക്കുന്ന അവസ്ഥയാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി അഭിപ്രായപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള 50 പ്രമുഖര്‍ക്കെതിരെ കേസെടുത്തത് ഉചിതമല്ല. പ്രധാനമന്ത്രിക്ക് കത്തയക്കുകയെന്നത് എല്ലാ പൗരന്മാര്ക്കുമുള്ള സ്വാതന്ത്ര്യമാണ്. പൗരാവകാശവും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന അവസ്ഥയാണ് രാജ്യത്ത് -വീരേന്ദ്രകുമാര്‍ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യദ്രോഹികളാക്കുന്നത് എതിര് ശബ്ദങ്ങൾ ഇല്ലാതാക്കാന്‍ -ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജയ്ശ്രീറാം മുഴക്കാത്തതിെൻറ പേരില്‍ നടക്കുന്ന കൊലവിളിക്കെതിരെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച പ്രഗല്ഭ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്ത നടപടി, സംഘ്പരിവാറിെൻറ വംശീയ ഉന്മൂലന ശ്രമത്തിനെതിരെ ഉയരുന്ന എതിര് ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പ്രധാനമന്ത്രിക്ക് കത്തയക്കാനുള്ള അവകാശംപോലും പൗരസമൂഹത്തിനില്ല എന്ന് ഇതിലൂടെ സ്ഥാപിക്കപ്പെടുകയാണ്. എഫ്.ഐ.ആര് റദ്ദാക്കാന്‍ ആവശ്യമായ അടിയന്തര നടപടി ഉണ്ടാവണം. സംഘ്രാഷ്ട്ര നിര്‍മിതിക്കായി ധ്രുതഗതിയിലുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ന്യായാധിപന്മാരെ പോലും ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. സ്വതന്ത്ര പത്രപ്രവര്‍ത്തനം സാധ്യമല്ലാതായിരിക്കുന്നു. ഭീതിയുടെ ഫാഷിസ്റ്റ് ഇരുമ്പുമറ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം തടയാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.