പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: പൗരത്വ പ്രക്ഷോഭകർക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമായിരുന്നു പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കും എന്നുള്ളത്. എന്നാൽ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നൽകിയ മറുപടി പ്രകാരം പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് ഇതുവരെ പിൻവലിച്ചത്. ഇതിലൂടെ പൗരത്വ സമരത്തെ ഇടതു സർക്കാർ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.
പൗരത്വ പ്രക്ഷോഭത്തോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെ സംഘ്പരിവാർ താൽപര്യം മുൻനിർത്തി പൊലീസ് കൈകാര്യം ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയുമാണുണ്ടായത്.
കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ എല്ലാ കേസുകളും പിൻവലിക്കാൻ കഴിയുന്നതാണ്. പ്രസ്തുത വിഷയത്തിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ച നിലപാട് കേരള സർക്കാർ പിന്തുടരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.