മുട്ടില്‍ മരംമുറി: തുടരന്വേഷണം ആവശ്യപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ എ.ഡി.ജി.പിക്ക് കത്തയച്ചു
text_fieldsകല്പറ്റ: 2021ലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കത്തയച്ചു. കേസ് ജയിക്കുന്നതിന് ആവശ്യമായ തെളിവുകളുടെയും സാക്ഷികളുടെയും അഭാവം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ കുറ്റപത്രവുമായി മുന്നോട്ടുപോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി അടിയന്തര വിഡിയോ കോൺഫറൻസ് വിളിച്ചു. സ്പെഷൽ ഗവ. പ്രോസിക്യൂട്ടറും രണ്ട് എസ്.പിമാരും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമാണ് യോഗത്തിൽ പങ്കെടുത്തത്.
തുടരന്വേഷണം നടത്താതെയും അഡീഷനൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെയും കേസ് മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രോസിക്യൂട്ടർ യോഗത്തിൽ അറിയിച്ചത്. വനം വകുപ്പ് കേസ് ചാർജ് ചെയ്യാത്തത് ഉൾപ്പടെയുള്ള അപാകതകളും പ്രധാനപ്പെട്ട പലരേയും ചോദ്യം ചെയ്യാത്തതുമടക്കമുള്ള വീഴ്ചകൾ പ്രോസിക്യൂട്ടർ യോഗത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ 18ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
മുട്ടില്‍ മരംമുറി കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ജോസഫ് മാത്യു, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുൽത്താൻ ബത്തേരി മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നിക്കു കേസിലെ ബലഹീനതയും പോരായ്മകളും ചൂണ്ടിക്കാണിച്ച് കത്തയച്ചിരുന്നു. തുടർനടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് എ.ഡി.ജി.പിക്ക് കത്തയച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് സുൽത്താൻ ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡി.എൻ.എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാൽ, 86,000 പേജുവരുന്ന കുറ്റപത്രം ദുര്‍ബലമാണെന്നും കേസിന്റെ വിജയകരമായ നടത്തിപ്പിനു പര്യാപ്തമല്ലെന്നുമാണ് പറയപ്പെടുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസില്‍ തുടരന്വേഷണം നടത്തി പഴുതുകള്‍ അടച്ച കുറ്റപത്രം സമര്‍പ്പിക്കണം. അനധികൃത മരംമുറി നടന്ന കാലത്തെ ജില്ല കലക്ടര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരെ വിശദമായി ചോദ്യംചെയ്യണം. ഇത്തരത്തിലുള്ള നടപടികളൊന്നും അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകാത്തത് കേസ് ദുർബലമാക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
അതേസമയം, മുട്ടില്‍ മരംമുറി കേസ് വ്യാഴാഴ്ച സുൽത്താൻ ബത്തേരി കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. സഹോദരൻമാരായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കേസ് മുമ്പ് പരിഗണിച്ച രണ്ടു തവണയും പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വ്യാഴാഴ്ചയും ഹാജരാവാനുള്ള സാധ്യതയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.