എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു; സി.പി.ഒ സമരം തുടരും
text_fieldsതിരുവനന്തപുരം: എൽ.ജി.എസ് (ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ്) ഉദ്യോഗാർഥികൾ സെക്രേട്ടറിയറ്റ് നടയിൽ നടത്തിവന്ന അനിശ്ചിതകാല സമരം മന്ത്രി എ.കെ. ബാലനുമായി നടന്ന ചർച്ചെയ തുടർന്ന് അവസാനിപ്പിച്ചു. തീരുമാനമാകാത്തതിനെ തുടർന്ന് സമരം തുടരാൻ സി.പി.ഒ ഉദ്യോഗാർഥികൾ തീരുമാനിച്ചു.
ആറിന ഉറപ്പുകൾ ലഭിച്ചതിനെ തുടർന്നാണ് എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരമവസാനിപ്പിച്ചത്. 'ആവശ്യങ്ങൾ പരിഗണിക്കാ'മെന്ന വാക്കാലുള്ള അറിയിപ്പല്ല, രേഖാമൂലം വേണമെന്നാണ് സി.പി.ഒ ഉദ്യോഗാർഥികളുടെ നിലപാട്. ഞായറാഴ്ച രാവിലെ 11 ഒാടെ സെക്രേട്ടറിയറ്റിലായിരുന്നു ചർച്ച. സമരത്തിന് തുടക്കം മുതലേ മുഖം തിരിച്ച സർക്കാർ ജനശ്രദ്ധയാകർഷിച്ചതോടെ ചർച്ചക്കും ഉറപ്പിലേക്കുമെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അനുമതിക്ക് വിധേയമായി ഉറപ്പുകൾ പാലിക്കാമെന്ന് ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.
വാച്ച്മാൻമാരുടെ ജോലിസമയം കുറച്ച് കൂടുതൽ തസ്തിക സൃഷ്ടിക്കുക, ഹയർ സെക്കൻഡറിയിൽ ഒ.എ തസ്തിക അനുവദിക്കുക എന്നിവയാണ് എൽ.ജി.എസ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾ പ്രധാനമായും ഉന്നയിച്ചത്. ഇതിൽ വാച്ച്മാൻമാരുടെ ജോലിസമയം എട്ടുമണിക്കൂറായി ചുരുക്കുന്നതിനും അധികമായി വരുന്ന തസ്തികകളിൽ എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകുന്നതിനും അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ഉച്ചയോടെ ഉറപ്പുകളടങ്ങിയ മിനിറ്റ്സും കൈമാറി.
ഉറപ്പുകൾ
2021 ആഗസ്റ്റ് നാല് വരെ ഉണ്ടാകുന്ന ഒഴിവുകൾ കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.നിലവിലെ പട്ടികയിൽ നിന്ന് നികത്തും
എൽ.ജി.എസ് ആയി േജാലിചെയ്യുന്നവരിൽ അർഹർക്ക് പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യും.
കോടതിവ്യവഹാരങ്ങളോ ഭരണപരമായ തടസ്സങ്ങളോ മൂലം സ്ഥാനക്കയറ്റങ്ങൾക്ക് തടസ്സമുണ്ടെങ്കിൽ താൽക്കാലിക സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യും.
ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് ജി.െഎ.ഡി സെക്രട്ടറി നേതൃത്വത്തിൽ സമിതി.
നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി എട്ടുമണിക്കൂറാക്കുന്നത് സജീവ പരിഗണനയിൽ.
തുടർനടപടി തെരഞ്ഞെടുപ്പ് കമീഷൻ അനുമതിക്ക് വിധേയം.
സി.പി.ഒ സമരം ശക്തമാക്കുന്നു
മന്ത്രിതല ചർച്ചയിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് സി.പി.ഒ ഉദ്യോഗാർഥികൾ സമരം ശക്തമാക്കും. മൂന്നിന് സെക്രേട്ടറിയറ്റിനുമുന്നിൽ ഉദ്യോഗാർഥികളുടെ മഹാസംഗമം നടത്തും. പ്രതീക്ഷയോടെയാണ് ചർച്ചയിൽ പെങ്കടുത്തതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. പരിഗണിക്കാമെന്ന് വാക്കാലുള്ള ഉറപ്പാണ് ലഭിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധിയിലുള്ള 3200 ഒഴിവുകൾ തങ്ങളുടെ നികത്തണമെന്നതായിരുന്നു പ്രധാന ആവശ്യം.
എൽ.ജി.എസുകാർക്ക് നൽകിയ ചർച്ച മിനിറ്റ്സിൽ സി.പി.ഒ വിഷയം പരാമർശിച്ചിട്ടുണ്ട്. ' 2021 ഡിസംബർ 31 വരെയുള്ള 1200 പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അപാകത വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കു' മെന്നുമാണ് പറയുന്നത്. എന്നാൽ, വാഗ്ദാനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കാനാകില്ലെന്നും 3200 ഒഴിവുകൾ ന്യായമായും അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും ഭാരവാഹികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.