വയോധികയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsപെരിന്തൽമണ്ണ: കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാനാവാത്ത വയോധികയെയും മകളെയും ഗതാഗതത്തിരക്കുണ്ടാവുമെന്നു പറഞ്ഞ് വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. 3000 രൂപ പിഴയും ഈടാക്കി. ലൈസൻസ് പുനഃസ്ഥാപിച്ചുകിട്ടാൻ എടപ്പാളിലെ ഡി.ടി.ആർ സെന്ററിൽ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഹാജരായി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജോയന്റ് ആർ.ടി.ഒ എം. രമേശ് ഉത്തരവിട്ടു.
ചൊവ്വാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കുസമീപം സർവിസ് നടത്തുന്ന കെ.എൽ 53 എം 2497 നമ്പർ ഓട്ടോ ഡ്രൈവർ രമേശ് കുമാറിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി. അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ 78 കഴിഞ്ഞ വയോധികയെയും മകളെയുമാണ് ഇറക്കിവിട്ടത്. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനാണ് ഓട്ടോയിൽ കയറിയത്. അങ്ങാടിപ്പുറത്തേക്കാണ് പോവേണ്ടതെന്ന് അറിയിച്ചതോടെ കൂടുതൽ വാടക നൽകേണ്ടിവരുമെന്നും വലിയ തിരക്കാണെന്നും പറഞ്ഞു. സാധാരണ നിരക്കിനെക്കാൾ അൽപം കൂട്ടി നൽകാൻ സമ്മതമായിരുന്നു. എന്നാൽ, പ്രധാന നിരത്തിൽ വഴിയിൽ ഇറക്കിവിടുകയായിരുന്നു.
കാരണമില്ലാതെ ദേഷ്യപ്പെട്ടതായും അസഭ്യം പറഞ്ഞതായും മകൾ രജനി പെരിന്തൽമണ്ണ സബ് ആർ.ടി.ഒ ഓഫിസിൽ ജോയന്റ് ആർ.ടി.ഒക്ക് പരാതി നൽകി. മോട്ടോർ വാഹന അസി. ഇൻസ്പെക്ടർ മയിൽരാജിന്റെ നേതൃത്വത്തിൽ ഓട്ടോഡ്രൈവറെ കണ്ടെത്തി മൊഴിയെടുത്താണ് നടപടി സ്വീകരിച്ചത്. കേന്ദ്ര മോട്ടോർ വാഹന നിയമം സെക്ഷൻ 19, 21, കെ.എം.വി.ആർ 46 എന്നീ വകുപ്പുകൾപ്രകാരമാണ് നടപടി. പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും ഇതേ കാരണങ്ങൾ പറഞ്ഞ് ഒരു വിഭാഗം ഓട്ടോഡ്രൈവർമാർ സർവിസിന് വിമുഖത കാണിക്കുന്നതും തോന്നിയ നിരക്ക് വാങ്ങുന്നതും കൂടിവരുന്നുണ്ട്. പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.