ലൈസൻസ് റദ്ദാക്കൽ: ട്രാൻസ്പോർട്ട് കമീഷണറുടെ തീരുമാനം അപ്രായോഗികം
text_fieldsകോഴിക്കോട്: മുന്നൊരുക്കങ്ങളില്ലാതെ ഉത്തരവ് അടിച്ചേൽപിക്കാനുള്ള ട്രാൻസ്പോർട്ട് കമീഷണറുടെ നടപടി വിവാദത്തിലേക്ക്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാനുള്ള ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശമാണ് വാഹന വകുപ്പിൽ വിവാദമാകുന്നത്. തീരുമാന പ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദ റിപ്പോർട്ട് അടുത്തമാസം 10നകം കൈമാറണമെന്നും നിർദേശമുണ്ട്. അപകടകാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശിപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ശിപാർശ. ബോധവത്കരണമുൾപ്പെടെ ആസൂത്രണം ചെയ്യാതെ ലൈസൻസ് റദ്ദു ചെയ്യുന്നത് എത്രമാത്രം പ്രായോഗികമാകുമെന്നാണ് ആശങ്ക.
അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമെ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിലുള്ളത്. ആറു മാസത്തേക്കാകും ലൈസൻസ് സസ്പെൻഡ് ചെയ്യുക. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കർശനമായി നടപ്പാക്കിയിരുന്നില്ല. ഇനി മുതൽ നിയമലംഘനം പിടികൂടുന്ന ഉദ്യോഗസ്ഥർ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒയോട് ശിപാർശ ചെയ്യും. ആർ.ടി.ഒ തുടർ നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിലൊന്നും കർക്കശമാക്കാത്ത നിയമം സംസ്ഥാനത്ത് എത്രമാത്രം പ്രായോഗികമാകുമെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.