ആരാധനാലയം നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി അധികാരം: ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ആരാധനാലയങ്ങൾ നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം അനുമതി മതിയെന്ന സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ജില്ല ഭരണകൂടത്തിെൻറ മുൻകൂർ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് അധികാരം തദ്ദേശ സ്ഥപനങ്ങൾക്ക് കൈമാറിയുള്ള ഉത്തരവാണ് ജസ്റ്റിസ് എൻ. നഗരേഷ് സ്റ്റേ ചെയ്തത്. ഒരു ആരാധനാലയത്തിെൻറ നിർമാണവുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാമ്പി ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജില്ല ഭരണകൂടം രഹസ്യവിവരം ശേഖരിച്ച് വിലയിരുത്തിയശേഷമാണ് അനുമതി നൽകേണ്ടതെന്നാണ് നിയമം. അനുമതി നൽകുന്നതിന് രഹസ്യവിവരം ശേഖരിക്കുന്നത് പ്രധാന വിഷയമാണെന്നതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥയുള്ളത്. മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവുപ്രകാരം ജില്ല ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ഭരണഘടനയുടെ 243 അനുഛേദത്തിലും 11ാം ഷെഡ്യൂളിലുമാണുള്ളത്.
എന്നാൽ, രഹസ്യവിവരം ശേഖരിക്കലും നയരൂപവത്കരണവും ഷെഡ്യൂൾ 11െൻറ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്തീരാജ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല ഏൽപിക്കാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, ഭരണഘടനയുടെ 243ജി വകുപ്പ്, ഷെഡ്യൂൾ 11 എന്നിവ പ്രകാരം രഹസ്യവിവരം ശേഖരിക്കുന്നതുപോലെയുള്ള അടിസ്ഥാനപരമായ പരമാധികാരങ്ങൾ പഞ്ചായത്തിന് കൈമാറാനാവുമോ എന്നത് പ്രാധാന്യമുള്ള വിഷയമാണ്. പ്രഥമദൃഷ്ട്യാ ഈ നടപടിയാണ് സർക്കാർ ഉത്തരവിലുള്ളത്. ഹരജിയിലുള്ള നിയമപ്രശ്നങ്ങൾ പ്രാധാന്യമുള്ളതാണെന്നും വിശദമായി പരിശോധിക്കേണ്ടതാണെന്നും വിലയിരുത്തിയ കോടതി, ഹരജി തീർപ്പാക്കുംവരെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.