ലൈഫ്: സി.ബി.ഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വെട്ടിലാക്കിയ ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രി പിണറായി വിജയെൻറയും തദ്ദേശവകുപ്പ് മന്ത്രി എ.സി. മൊയ്തീെൻറയും മൊഴി സി.ബി.ഐ രേഖപ്പെടുത്തും. കരാറിന് അമിത താൽപര്യമെടുത്ത മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിന് പുറമെ റെഡ്ക്രസൻറുമായി ധാരണപത്രം ഒപ്പിട്ട യു.വി. ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവരുടെ ഇടപെടലും പരിശോധിക്കും.
ഇതുസംബന്ധിച്ച രേഖകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽനിന്ന് സി.ബി.ഐ ശേഖരിച്ചു. വിദേശസഹായത്തിെൻറ ഫയൽ മുഖ്യമന്ത്രി കാണാതെയും മന്ത്രിസഭ അറിയാതെയും അംഗീകരിക്കപ്പെട്ടതും സംശയനിഴലിലാണ്. ലൈഫ് മിഷനും യു.എ.ഇ റെഡ്ക്രസൻറും ധാരണപത്രം ഒപ്പിട്ട വിവാദമായ മിനിട്സില്ലാ യോഗത്തിെൻറ സാക്ഷികളിലൊരാൾ മുഖ്യമന്ത്രിയാണ്. സർക്കാർ ഭൂമിയിൽ വിദേശസഹായം എത്തിയത് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിലെ ഗ്യാരൻറികളുടെ പുറത്താണ്. ഇതാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനുള്ള സി.ബി.ഐ തീരുമാനത്തിന് പിന്നിൽ.
നേരിട്ട് വിദേശഫണ്ട് സ്വീകരിച്ചില്ലെന്ന സർക്കാറിെൻറ വാദം നിലനില്‍ക്കില്ലെന്ന നിലപാടിലാണ് സി.ബി.ഐ. യൂനിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടുമായി ബന്ധപ്പെട്ട കരാറെങ്കിലും രണ്ടാം കക്ഷി സർക്കാറാണ്. വിദേശസഹായം സ്വീകരിച്ചതിെൻറ പ്രയോജനവും സർക്കാറിനാണ്.
വിദേശസഹായം സ്വീകരിച്ചതിൽ സർക്കാറിന് ബാധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്ന ചോദ്യമാണ് അന്വേഷണസംഘത്തിനുള്ളത്. മുഖ്യമന്ത്രി ലൈഫ് മിഷൻ ചെയര്‍മാനും തദ്ദേശവകുപ്പ് മന്ത്രി വൈസ് ചെയര്മാൻ ആയതും മൊഴിയെടുക്കാൻ കാരണമാണ്.
ഒന്നാം പ്രതി യൂനിടാക് ഉടമ സന്തോഷ് ഈപ്പെൻറ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ലാത്ത റെഡ്ക്രസൻറുമായി കരാറുണ്ടാക്കിയതാരാണ്, കോടികൾ ആരാണ് സമാഹരിച്ചത്, ആർക്കൊക്കെ പണമെത്തിച്ചു, കേന്ദ്രത്തിെൻറ മുൻകൂർ അനുമതിയില്ലാതെ കരാറൊപ്പിട്ടതെങ്ങനെ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും സി.ബി.ഐ അന്വേഷിക്കുന്നത്. ഇതിനായി തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിലുള്ള ലൈഫ് മിഷൻ ഓഫിസിലും വൈകാതെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.