വടക്കാഞ്ചേരി ലൈഫ് പദ്ധതി: രേഖകൾ ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും കത്ത് നൽകി
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പാർപ്പിട പദ്ധതിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി സംബന്ധിച്ച രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. രേഖകൾ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. രേഖകൾ നൽകിയില്ലെങ്കിൽ ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി ലൈഫ് പാർപ്പിട പദ്ധതിയിൽ യു.എ.ഇ സർക്കാറിന് കീഴിലെ റെഡ് ക്രസന്‍റ്, കേരള സർക്കാറിന്‍റെ ലൈഫ് മിഷൻ, സ്വകാര്യ കമ്പനി യൂണിടെക് എന്നിവയാണ് കരാറിൽ ഏർപ്പെട്ടത്. 20 കോടി രൂപയാണ് ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്‍റ് നൽകിയത്. ഇതിൽ നാലര കോടി രൂപ കമീഷൻ നൽകിയെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവർ കമീഷൻ വാങ്ങിയെന്നുമാണ് ആരോപണം.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെ പക്കലുള്ള രേഖകൾ ചീഫ് സെക്രട്ടറി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നേരത്തെ കൈമാറിയിരുന്നു. റെഡ്ക്രസൻറുമായി ലൈഫ് മിഷൻ സി.ഇ.ഒ ഒപ്പുവെച്ച രേഖകൾ, വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനായി കൈമാറിയ ഭൂമിയുടെ രേഖകൾ, മറ്റ് കരാർ വിശദാംശങ്ങൾ, ഉപകരാറുകൾ അടക്കമുള്ളവയാണ് കൈമാറിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങളടങ്ങിയ മിനിറ്റ്സും കൈമാറിയിട്ടുണ്ട്.
ഇടനിലക്കാർ, കരാർ തുക, നിയമോപദേശത്തിന്റെ രേഖകൾ തുടങ്ങിയ വിവരങ്ങളും ചീഫ് സെക്രട്ടറിയിൽ നിന്ന് ഇ.ഡി ശേഖരിച്ചിട്ടുണ്ട്. നേരത്തേ റെഡ് ക്രസൻറുമായി ഒപ്പുവെച്ച ധാരണപത്രവും നിർമാണക്കരാർ യൂനിടാക്കിന് നൽകുന്നതിനുള്ള അനുമതിപത്രവും ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എൻഫോഴ്സ്മെന്റിന് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.