‘ലൈഫി’ൽ പണിതീരാതെ 27,350 വീടുകൾ; പദ്ധതി വെട്ടിക്കുറക്കും
text_fieldsമഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയിൽ (ലൈഫ്) വീടുകളുടെ പൂർത്തീകരണത്തിന് റോഡ് അറ്റകുറ്റപ്പണികൾക്കുള്ള പകുതി ഫണ്ടെടുത്തിട്ടും 280 കോടിയുടെ കുറവ്. കുറവ് നികത്താൻ, തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്താനോ റദ്ദാക്കാനോ ആണ് നിർദേശം. ജില്ല പഞ്ചായത്തുകളും രണ്ട് കോർപറേഷനുകളും 85 ബ്ലോക്കുകളും 51 നഗരസഭകളും 371 ഗ്രാമപഞ്ചായത്തുകളും ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയാണ്. 27,350 വീടുകളാണ് പൂർത്തിയാകാതെ കിടക്കുന്നത്. ആകെ വേണ്ടത് 394.42 കോടിയാണ്, വകയിരുത്തിയത് 113.86 കോടിയും.
ശേഷിക്കുന്ന 280.56 കോടി രൂപ കണ്ടെത്താനാണ് തദ്ദേശസ്ഥാപനങ്ങളുടെ നേരത്തേ തയാറാക്കിയ പദ്ധതികൾ വെട്ടിക്കുറക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പേരും തുകയും ക്രോഡീകരിക്കാൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന് നിർദേശം നൽകി. 2015 അവസാനം പ്രഖ്യാപിച്ച പാർപ്പിട സുരക്ഷാപദ്ധതിയിൽ ഇതുവരെ വീടോ ഭൂമിയോ നൽകാനായിട്ടില്ല. 2018 മാർച്ചിൽ നൽകാനാവുമെന്നാണ് കരുതിയിരുന്നത്. ഇതിനും പൂർത്തിയാകാത്ത വീടുകളുടെ കാര്യം തീരുമാനമാക്കണം. നഗരസഭകളിലും കോർപറേഷനുകളിലും നടക്കുന്ന പി.എം.എ.വൈ ഭവനപദ്ധതിയിൽ വീടൊന്നിന് 50,000 രൂപ വീതം തദ്ദേശസ്ഥാപനവും സംസ്ഥാനസർക്കാറും നൽകണം.
ഇത് കണ്ടെത്താനും പദ്ധതികളിൽ ഭേദഗതി വരുത്താനാണ് നിർദേശം. തദ്ദേശസ്ഥാപനങ്ങൾ സ്വതന്ത്രമായി തയാറാക്കിയ പദ്ധതികൾക്ക് നീക്കിവെക്കേണ്ട ഫണ്ടാണിത്. അതേസമയം, പൂർത്തിയാകാത്ത വീടുകൾക്ക് സന്നദ്ധസേവനവും ചാരിറ്റബിൾ ഫണ്ടുമടക്കം കണ്ടെത്താനുള്ള നിർദേശം എവിടെയും നടപ്പായില്ല. മതിയായ തുക മാറ്റിവെച്ച തദ്ദേശസ്ഥാപനങ്ങൾ ഈ പേരിൽ ഭേദഗതി വരുത്തരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.