ലൈഫ് ഭവനപദ്ധതി : പുതുതായി 46,377പേർ കൂടി
text_fields
കോഴിക്കോട് : ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചവെന്ന് മന്ത്രി എം.വി ഗോവിന്ദൻ. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കും.
www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ് പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ എട്ടു വരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
ആദ്യ കരട് പട്ടികയിൽ 5,14,381 പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചാണ് പുതിയ പട്ടിക തയാറാക്കിയത്.
പുതിയ പട്ടികയിൽ ആകെയുള്ള 5,60,758 പേരിൽ 3,63,791 പേർ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. ഒന്നാം ഘട്ട അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളും 10,627 ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളും അധികമായി പട്ടികയിൽ ഇടം പിടിച്ചു.
ജൂലൈ ഒന്നും മുതൽ എട്ടുവരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ കലക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിക്കുക. ജൂലൈ 20 നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. പട്ടികയ്ക്ക് വാർഡ്/ഗ്രാമ സഭ, പഞ്ചായത്ത്/നഗരസഭാ ഭരണസമിതി അംഗീകാരം നൽകുന്ന ഘട്ടമാണ് അടുത്തത്. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്നത്.
അർഹരായ ഒരാൾ പോലും ഒഴിവായിട്ടില്ലെന്നും അനർഹർ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാൻ ഈ അവസരങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.