കൈവെട്ട് കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്
text_fieldsകൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. യു.എ.പി.എ വകുപ്പ് ചുമത്തപ്പെട്ട രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ.എ. നജീബ് (42) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കറാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ഒമ്പതാം പ്രതി കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), 11-ാം പ്രതി കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), 12-ാം പ്രതി ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) എന്നിവർക്ക് മൂന്നു വർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു. പ്രതികൾ എല്ലാവരും ചേർന്ന് ടി.ജെ ജോസഫിന് നാലു ലക്ഷം രൂപ നൽകണമെന്ന് കോടതി വ്യക്തമാക്കി.
കൈവെട്ടിയ കേസിൽ ഇന്നലെയാണ് ആറു പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തിയത്. അഞ്ച് പ്രതികളെ കോടതി വെറുതേവിട്ടു. ഓടക്കാലി ഏക്കുന്നം തേലപ്പുറം വീട്ടിൽ ഷഫീഖ് (31), ഓടക്കാലി ഏക്കുന്നം കിഴക്കനായിൽ വീട്ടിൽ അസീസ് ഓടക്കാലി (36), ആലുവ തോട്ടക്കാട്ടുകര മാട്ടുപ്പടി വീട്ടിൽ മുഹമ്മദ് റാഫി (40), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ വീട്ടിൽ സാബു എന്ന ടി.പി. സുബൈർ (40), ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (52) എന്നിവരെയാണ് വെറുതേവിട്ടത്.
ഒമ്പതാം പ്രതി എം.കെ. നൗഷാദ്, 11-ാം പ്രതി പി.പി. മൊയ്തീൻകുഞ്ഞ്, 12-ാം പ്രതി പി.എം. അയ്യൂബ് എന്നിവർക്കെതിരായ യു.എ.പി.എ വകുപ്പ് നീക്കം ചെയ്ത കോടതി, ഐ.പി.സി 202, 212 വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട പ്രതികളിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഒന്നാം പ്രതി പെരുമ്പാവൂർ അശമന്നൂർ മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) സംഭവം നടന്നതു മുതൽ ഒളിവിലാണ്. ഇയാൾ മാത്രമാണ് പിടിയിലാവാനുള്ളത്.
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയിൽ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.