മട്ടന്നൂരിലെ വാടകവീട്ടിൽ ജീവിതം; ആശാരിപ്പണിയെടുത്ത് ഉപജീവനം
text_fieldsകണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് പിടിയിലായത് മട്ടന്നൂരിനു സമീപത്തെ ബേരം എന്ന ഗ്രാമത്തിലെ വാടക വീട്ടിൽനിന്ന്. ഒരുവർഷത്തിലധികമായി ഭാര്യയും രണ്ടു ചെറിയ കുട്ടികളുമായാണ് ഇയാൾ ഇവിടെ താമസിച്ചത്. ഷാജഹാൻ എന്ന പേരിൽ ആശാരിപ്പണിയെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. ബേരത്തെ ഖദീജയുടെ ഉടമസ്ഥതയിലുള്ള വീടാണ് വാടകക്കെടുത്തത്.
അധികമാരോടും സംസാരിക്കാറില്ല. അതിനാൽ, അടുപ്പക്കാരുമില്ല. ആശാരിപ്പണി പഠിച്ചതും ഇവിടെനിന്ന്. കൂടെയുള്ള ജോലിക്കാരോട് പറഞ്ഞതും വ്യാജപേരും വ്യാജ വിലാസവും. ഇങ്ങനെ അതീവ രഹസ്യമായി കഴിയുന്നതിനിടെയാണ് ബുധനാഴ്ച പുലർച്ചയോടെ എൻ.ഐ.എ സംഘം വീടുവളയുന്നത്. മണിക്കൂറുകൾക്കുശേഷം അഞ്ചുമണിയോടെ പ്രതിയെയുമായി പുറത്തിറങ്ങിയതാണ് അയൽവാസികളായ ദൃക്സാക്ഷികൾ കണ്ടത്. കൈകൾ പിന്നിൽനിന്ന് ബന്ധിച്ച്, കറുത്ത മുഖംമൂടി ധരിപ്പിച്ചാണ് പതിനഞ്ചോളം വരുന്ന എൻ.ഐ.എ സംഘം പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. വീട് ഒരുക്കി നൽകിയവരെയും കണ്ണൂരിലേക്ക് എത്തിച്ചവരെയുമെല്ലാം അന്വേഷണ സംഘം തിരിച്ചറിഞ്ഞെന്നാണ് സൂചന.
കാസർകോടാണ് ഭാര്യയുടെ വീടെന്നും വിളക്കോടുനിന്നാണ് ബേരത്ത് എത്തിയതെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞത്.
അഞ്ചുവയസ്സും ഒമ്പതുമാസവുമുള്ള രണ്ട് കുട്ടികളാണ്. ഗർഭിണിയായിരിക്കെയാണ് ബേരത്തെ വീട്ടിലെത്തിയതെന്നും ഇവിടെനിന്നാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നതെന്നും അയൽവാസികൾ പറഞ്ഞു.
ഇയാളെ ആരാണ് ഇവിടെ എത്തിച്ചതെന്നോ എവിടെനിന്നാണ് വന്നതെന്നോ നാട്ടുകാർക്ക് അറിയില്ല. 13 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന, കണ്ടെത്തുന്നവർക്ക് എൻ.ഐ.എ പത്തുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കൈവെട്ടുകേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് നാടറിയുന്നത് പിടിയിലായതോടെയാണ്.
ഞെട്ടൽ മാറാതെ ബേരം ഗ്രാമം
മട്ടന്നൂർ (കണ്ണൂർ): പ്രഫ. ടി.ജെ. ജോസഫും കൈവെട്ടു കേസും നന്നായറിയാം. കേസന്വേഷിക്കുന്നത് എൻ.ഐ.എ ആണെന്നുമറിയാം. കേസുമായി ഒരു ബന്ധവുമില്ലാത്ത മട്ടന്നൂർ 19ാം മൈലിനു സമീപത്തെ ബേരം ഗ്രാമം ഇനി കേസിനൊപ്പം ചേർത്തുവായിക്കും. കേസിലെ ഒന്നാം പ്രതിയും ഒന്നരപ്പതിറ്റാണ്ടോളമായി ഒളിവിൽ കഴിയുകയുമായിരുന്ന, വിവരമറിയിക്കുന്നവർക്ക് 10 ലക്ഷത്തിന്റെ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയാണ് ഈ കൊച്ചുഗ്രാമത്തിൽനിന്ന് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസികളിലൊന്ന് 13 വർഷമായി തേടിനടക്കുന്നയാളാണ് കൺമുന്നിൽ ഇത്രയുംകാലം ജീവിച്ചതെന്ന ഞെട്ടലിലാണ് നാട്ടുകാർ.
സൗമ്യനും അധികമാരോടും സംസാരിക്കാൻ താൽപര്യപ്പെടാത്തവനുമാണ് ഷാജഹാൻ എന്ന വ്യാജപ്പേരിൽ കഴിഞ്ഞ സവാദ്. ബേരത്തെ വാടകവീട്ടിൽ ഒരുവർഷത്തിലധികമായി കഴിയുന്ന ഇയാൾ ഈ പേരിലാണ് അറിയപ്പെടുന്നത്. തൊട്ടടുത്ത വീട്ടിൽ ആഴ്ചകളോളം ആശാരിപ്പണിക്ക് ഇയാളെത്തിയതായി വീട്ടുടമ സർദാർ പറഞ്ഞു. വിലാസം ചോദിച്ചപ്പോൾ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങൾ മാറ്റിപ്പറയുകയാണ് ഇയാൾ ചെയ്തത്. അധികം സംസാരിക്കാത്തതിനാൽ വല്ലാതെയാരും ഇയാളോട് ഒന്നും ചോദിക്കാനും മിനക്കെട്ടില്ല. രണ്ട് ചെറിയ കുട്ടികളുമായി താമസിക്കുന്ന സൗമ്യനായി എല്ലാവരും കണ്ടു.
എൻ.ഐ.എ സംഘം രാത്രി വീട് വളഞ്ഞതും പുലർച്ച അഞ്ചുമണിയോടെ കൈയാമം വെച്ച് പ്രതിയെ കൊണ്ടുപോയതും അധികമാരും കണ്ടിട്ടില്ല. പ്രതിയെ ഒരു സഞ്ചി സഹിതമാണ് കൊണ്ടുപോയത്. ഏതെങ്കിലും ലഹരി വസ്തുക്കള്‍ പിടികൂടിയ പൊലീസ് സംഘമാണ് അതെന്നാണ് ദൃക്സാക്ഷികൾ ആദ്യം കരുതിയത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കൺമുന്നിലെ പിടികിട്ടാപ്പുള്ളിയെ അയൽവാസികൾവരെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.