ജീവിതാധ്യായങ്ങൾ
text_fieldsഇന്ത്യക്കകത്തും പുറത്തുമായി വ്യത്യസ്ത പാഠങ്ങളും പാരായണങ്ങളുമുള്ള ബൃഹദാഖ്യാനമാണ് രാമായണം. കേന്ദ്ര ഇതിവൃത്തം നിലനിർത്തി അതതു ദേശത്തിെൻറയും കാലത്തിെൻറയും മുദ്രകളോടെ വിരിയിച്ചെടുത്ത പാഠബഹുലത ലോകത്ത് മറ്റൊരു കൃതിക്കും അവകാശപ്പെടാനാവില്ല. ധർമവും സത്യവും വിജയിക്കേണ്ടതിെൻറ കാലിക പ്രസക്തി വിളിച്ചോതുന്നതാണ് വാല്മീകി രാമായണത്തിെൻറ ആകത്തുക. പണ്ഡിതനെന്നോ പാമരനെന്നോ കുബേരനെന്നോ കുചേലനെന്നോ വ്യത്യാസമില്ലാതെ ഏതൊരാൾക്കും ജീവിതത്തിെൻറ സന്ദിഗ്ധതകളിലും സമസ്യകളിലും ചേർത്തുവെക്കാൻ പാകത്തിനുള്ള സന്ദർഭങ്ങളാണ് രാമായണത്തിലുടനീളം സ്ഫുരിക്കുന്നത്. എഴുത്തച്ഛെൻറ അധ്യാത്മരാമായണം കിളിപ്പാട്ടിൽ ഈ സ്ഫുരണം ആദ്യന്തം ദീപ്തമാകുന്നു. രാമൻ, സീത, രാവണൻ തുടങ്ങിയവരുടെ ജീവിതകഥക്കുമപ്പുറം മാനവരാശിയോട് സൂക്ഷ്മമായി സംവദിച്ച് ഏതൊരാളെയും ആധ്യാത്മികതയുടെ സോപാനത്തിലേക്ക് നയിക്കുക കൂടിയാണ് എഴുത്തച്ഛൻ ചെയ്യുന്നത്.
രാമായണത്തിലെ അപ്രധാനമെന്ന് തോന്നുന്ന കഥാ സന്ദർഭങ്ങൾപോലും ഗഹനമായ ലോകോക്തികളിലൂടെ ചിരകാലത്തേക്കുള്ള ആത്മീയപാഠങ്ങളാക്കി മാറ്റുന്നുണ്ട് എഴുത്തച്ഛൻ. അതുവഴി ഓരോ വരിയിലും ഈശ്വര സാമീപ്യമനുഭവിപ്പിക്കാനും അദ്ദേഹത്തിനാകുന്നു. മാപ്പിളപ്പാട്ടിെൻറ ഈരടികളിൽ രാമായണ കഥ ചൊല്ലുന്ന മാപ്പിള രാമായണമുണ്ടായതും ശ്രദ്ധേയമാണ്. രാമായണത്തിെൻറ പാരാവാരതലമാണ് ഇത് വ്യക്തമാക്കുന്നത്.
പാരായണം അനുഭവിപ്പിക്കുന്ന ഈശ്വര സാമീപ്യംകൊണ്ടാണ് അധ്യാത്മരാമായണം കിളിപ്പാട്ട് കേവലം രാമരാവണ കഥയായി മാത്രം സ്വീകരിക്കാൻ മലയാളിക്കാവാത്തത്. ജീവിതത്തിെൻറ ക്ഷണികതയെ ഇത്രയേറെ ആഴത്തിൽ അനുഭവിപ്പിക്കുന്ന കൃതി മലയാളത്തിൽ വേറെയില്ലെന്ന് തീർച്ചയാണ്. ‘‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം...’’ എന്ന തിരിച്ചറിവ് പ്രദാനം ചെയ്ത് അധർമത്തിെൻറ പാത കൈവെടിയാൻ കവി ആഹ്വാനം ചെയ്യുന്നു. നീറ്റിലെപ്പോളപോലെ..., ചുട്ടുപഴുത്ത ലോഹത്തിൽ വീഴുന്ന ജലകണം പോലെ... നശ്വരത ബോധ്യപ്പെടുത്തുന്ന എത്രയെത്ര കാവ്യബിംബങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. അവ വേണ്ടവിധം ഉൾക്കൊണ്ടാൽ ആർക്കാണ് അഹം കൈവെടിയാതിരിക്കാനാകുക. ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരത്തിലൂടെ മനുഷ്യെൻറ ഭോഗാലസതയുടെ നിരർഥകതയാണ് കവി ഊന്നിപ്പറയുന്നത്. ജീവിതത്തിെൻറ സത്യം ഉദ്ബോധിപ്പിക്കാനുള്ള ഒരുപാധി മാത്രമായിരുന്നിരിക്കണം എഴുത്തച്ഛന് രാമകഥ. കഥയെക്കാൾ ആധ്യാത്മികഭാവം തന്നെയാണ് രാമായണം കിളിപ്പാട്ടിൽ മുന്തിനിൽക്കുന്നതും.
ഒാരോരുത്തരും അവരവരുടെ കർമഫലം അനുഭവിക്കും എന്ന പാഠം എല്ലാ മതഗ്രന്ഥങ്ങളുടെയും സാരമാണ്. തിന്മയിൽ നിന്നകലാനും നന്മ പ്രകാശിപ്പിക്കുവാനുമാണ് സർവ മതങ്ങളും പ്രവാചകരും ശ്രമിച്ചത്. എല്ലാ പ്രമാണങ്ങളിലും സമാനതകളുടെ അന്തർധാരകൾ ശക്തമാണ്. ഇതു പക്ഷേ, ഏറെയൊന്നും ചർച്ചചെയ്യപ്പെടാറില്ല. ഇല്ലാത്ത വൈരുധ്യങ്ങളാണ് എപ്പോഴും വില്ലനായി വരാറ്. ഇന്ത്യയിൽ പ്രവാചകന്മാർ വന്നിട്ടുണ്ടെന്നുറപ്പാണ്. അതുകൊണ്ടുതന്നെ, വേദഗ്രന്ഥത്തിെൻറ അവതീർണതയിലും സംശയമില്ല. പ്രവാചകന്മാരിലൂടെ പ്രചരിപ്പിക്കപ്പെട്ട വിശ്വാസദർശനം തന്നെയാണ് ഹിന്ദുധർമം. ഖുർആനിലെ ജന്തുകഥകളും സത്യത്തിെൻറ പുലർച്ചക്കായി നടന്ന യുദ്ധവിവരണങ്ങളും ചിത്രീകരണ തുല്യമായ വിശകലനങ്ങളും ഇത്തരുണത്തിൽ സ്മരണീയമാണ്. ധർമസ്ഥാപനമാണ് രാമായണവും മഹാഭാരതവും മുന്നോട്ടു വെക്കുന്നതെങ്കിൽ സത്യദർശനത്തിെൻറ വിജയമാണ് ഖുർആൻ ഉദ്ഘോഷിക്കുന്നത്. മനുവും നോഹയും നൂഹ് നബിയും ഒന്നാണെന്ന പണ്ഡിതഭാഷ്യം പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.