ദുരിതംപേറി ലയങ്ങളിലെ ജീവിതം; കോടികൾ പ്രഖ്യാപനങ്ങളിൽ മാത്രം
text_fieldsതൊടുപുഴ: മഴ കനത്തതോടെ ഇടുക്കിയിലെ തോട്ടം മേഖലകളിലെ ഒട്ടുമിക്ക ലയങ്ങളിലെ ജീവിതവും ഭീതിയിലാണ്. കാറ്റ് വീശിത്തുടങ്ങുന്നതോടെ കുട്ടികളെയുമായി ഭയന്നുവിറച്ചാണ് ഓരോ കുടുംബങ്ങളും ദിവസങ്ങൾ തള്ളിനീക്കുന്നത്.
ലയങ്ങൾ നവീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളും അധികൃതരുടെ ഉറപ്പും തൊഴിലാളികളുടെ ജീവിതത്തിന് ആശ്വാസമായിട്ടില്ല. തേയില, ഏലത്തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് താമസിക്കുന്നത്.
പല ലയങ്ങളും ഇടിഞ്ഞുപൊളിഞ്ഞു. പല തോട്ടങ്ങളിലെയും ലയങ്ങൾ 60 വർഷത്തിലധികം പഴക്കം ഉള്ളവയാണ്. ചോർന്ന് ഒലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമാണ് ഇവ. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജിവിതം അതിദയനീയമാണ്. ഇടിഞ്ഞുവീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ഉടമകൾ ഉപേക്ഷിച്ച ഇരുന്നൂറിലധികം ലയങ്ങളുണ്ട്. ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ് ഇവിടെ. ഫാക്ടറികളും അനുബന്ധ കെട്ടിടങ്ങളും കാടുകയറി നശിച്ചു. മിക്കവർക്കും തൊഴിലില്ലാതാകുകയും ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തു.
പ്രഖ്യാപനത്തിൽ ഒതുങ്ങിയ പത്തുകോടി
ലയങ്ങളുടെ നവീകരണത്തിന് കഴിഞ്ഞ മൂന്ന് ബജറ്റിലായി സർക്കാർ പത്ത് കോടി വകയിരുത്തിയെങ്കിലും ഒരനക്കവും ഉണ്ടായിട്ടില്ല. 2020ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങൾ അടിയന്തരമായി നവീകരിക്കണം എന്ന നിർദേശം തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും സർക്കാറിന് മുന്നിൽ വെച്ചിരുന്നു.
പക്ഷേ, തുടർനടപടികൾ എങ്ങുമെത്തിയില്ല. തോട്ടം മാനേജ്മെന്റുകൾ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി ഒഴിഞ്ഞുമാറുമ്പോൾ സർക്കാറും വിഷയത്തിൽ കണ്ണടക്കുന്നത് ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. ലയങ്ങളുടെ നവീകരണം ലേബർ വകുപ്പിനാണോ പ്ലാന്റേഷൻ വകുപ്പിനാണോ എന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
ഒടുവിൽ പ്ലാന്റേഷൻ വകുപ്പിനാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നത്. അതും എങ്ങനെ ചെയ്യണമെന്നതടക്കമുള്ള ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയിൽ കണ്ടെത്തിയത്. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റ് തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് പരിശോധനകളിൽ കണ്ടെത്തിയത്.
75 ഇടങ്ങളിൽ 224 നിയമലംഘനങ്ങൾ
തൊടുപുഴ: തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽവകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുതുതായി വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.
അടിയന്തര ഇടപെടലിന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും കമീഷണർ പറഞ്ഞു. തുടർ പരിശോധനകൾ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്നമുറക്ക് പ്രശ്നപരിഹാരത്തിൽ പിന്നാക്കം നിൽക്കുന്ന തോട്ടം ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ അടക്കം കർശന നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.