ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നീണ്ടേക്കും
text_fieldsകൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നീണ്ടേക്കും. കസ്റ്റഡി കാലാവധി അവസാനിച്ച് വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത് തിങ്കളാഴ്ചയാണ്. കസ്റ്റഡി നീട്ടാൻ അന്ന് അപേക്ഷ നൽകിയേക്കും.
നിലവിൽ ലഭിച്ചിരിക്കുന്ന മൊഴികൾ ശിവശങ്കറിന് എതിരാണ്. എന്നാൽ, ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാട് തുടരുകയാണ് ശിവശങ്കർ. ഇതോടെ മൊഴികളിലും തെളിവുകളിലും വ്യക്തത വരുത്താൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന നിലപാടിലാണ് ഇ.ഡി.
വെള്ളിയാഴ്ച ചോദ്യം ചെയ്ത ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസും ശിവശങ്കറിനെതിരെയാണ് പറഞ്ഞത്. പദ്ധതിയുടെ പ്രാഥമിക കാര്യങ്ങളൊക്കെ ശിവശങ്കർ ഉൾപ്പെടെയുള്ളവരാണ് ചെയ്തിരുന്നതെന്നും കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ അറിഞ്ഞിട്ടില്ലെന്നുമാണ് ഇദ്ദേഹത്തിന്‍റെ മൊഴി.
ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും മൊഴി നൽകിയതായി സൂചനയുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ തുടങ്ങിയവരുടെയൊക്കെ മൊഴികൾ ശിവശങ്കറിന് എതിരാണ്. സ്വപ്ന സുരേഷുമായുള്ള വാട്സ്ആപ് ചാറ്റുകളുടെ വിശദാംശങ്ങൾ ശിവശങ്കറിനോട് ആവർത്തിച്ച് ആരായുകയാണ് ഇ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.