ലൈഫ് മിഷൻ കേസ്: ശിവശങ്കറിനെതിരെ സുഹൃത്തിന്റെ നിർണായക മൊഴി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെതിരെ സുഹൃത്തിന്റെ നിർണായക മൊഴി. ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ് മൊഴി നൽകിയത്. ലോക്കർ തുറന്നത് ശിവങ്കറിന്റെ നിർദേശപ്രകാരമാണെന്ന് വേണുഗോപാൽ മൊഴി നൽകി. കഴിഞ്ഞ ദിവസം ശിവശങ്കറിനെയും വേണുഗോപാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് വേണുഗോപാൽ മൊഴി നൽകിയത്. അതേസമയം, ഇ.ഡി ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് വിവരം.
അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ലൈഫ് മിഷൻ കരാർ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതിൽ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കർ എന്നാണ് ഇ.ഡിയുടെ റിപ്പോർട്ട്. എന്നാൽ ചോദ്യംചെയ്യലിൽ ഇതുവരെയും ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെ ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.