ലൈഫ് മിഷൻ അഴിമതിക്കേസ്: എം. ശിവശങ്കറിന്‍റെ ജാമ്യം രണ്ടുമാസം കൂടി നീട്ടി
text_fieldsന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായി അനുവദിച്ച ജാമ്യം സുപ്രീംകോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. ചികിത്സക്കായി അനന്തമായി ജാമ്യം നീട്ടരുതെന്ന എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് കോടതി നടപടി.
ആദ്യ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് വാദിച്ചു. ചികിൽസക്കായി നേരത്തെ അനുവദിച്ച രണ്ട് മാസത്തെ ജാമ്യം ഒക്ടോബർ 2-ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടാൻ ശിവശങ്കർ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
ശിവശങ്കർ ഒരു ശസ്ത്രക്രിയ പൂർത്തിയായി വിശ്രമത്തിലാണെന്നും ഒക്ടോബർ രണ്ടാം ആഴ്ചയിൽ നട്ടെല്ലിന് മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടിയത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ആഗസ്റ്റിൽ ഇടക്കാല ജാമ്യം ലഭിച്ചത്. ഇ.ഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയവേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.