ലൈഫ് മിഷൻ ഇടപാട് സ്വർണക്കടത്ത് സംഘത്തിെൻറ സഹായത്തോടെ –സി.ബി.ഐ
text_fieldsകൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കെട്ടിട നിർമാണത്തിന് സ്വർണക്കടത്ത് സംഘത്തിെൻറ സഹായത്തോടെയാണ് വിദേശസഹായം സ്വീകരിച്ചതെന്ന് സി.ബി.ഐ ഹൈകോടതിയിൽ. സ്വപ്ന സുരേഷും ശിവശങ്കറും ചേർന്നാണ് യൂനിടാക്കിനെ തെരഞ്ഞെടുത്തത്. യൂനിടാക് എം.ഡി സന്തോഷ് ഇൗപ്പനോട് 40 ശതമാനം കമീഷനാണ് ചോദിച്ചത്. 30 ശതമാനം വാങ്ങി. 3.80 കോടിയാണ് സ്വപ്നയും കൂട്ടരും വാങ്ങിയത്. ഇതിനുവേണ്ടിയാണ് നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം കുറച്ചത്.
കമീഷൻ കൈമാറിക്കഴിഞ്ഞാണ് സ്വപ്ന സന്തോഷ് ഇൗപ്പനെ ശിവശങ്കറുമായി കൂടിക്കാഴ്ചക്ക് വിളിച്ചത്. കൂടിക്കാഴ്ചക്കിടെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെയും വിളിപ്പിച്ചു. ഇൗ ഘട്ടത്തിലാണ് വടക്കാഞ്ചേരി പദ്ധതി യു.വി. ജോസ് അറിഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഹരജിയിലെ വാദത്തിനിടെ സി.ബി.ഐ വ്യക്തമാക്കി. സന്തോഷ് ഇൗപ്പനെ രണ്ടു തവണ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കാഞ്ചേരിയിലെ പ്ലാൻ തയാറാക്കിയത് ഹാബിറ്റാറ്റാണ്. എന്നാൽ, സ്വർണക്കടത്ത് പ്രതി സന്ദീപ് നായരാണ് പ്ലാൻ കൈമാറിയതെന്നാണ് സന്തോഷിെൻറ മൊഴി. ഇതെങ്ങനെയെന്ന കാര്യം അന്വേഷിക്കണം. കൂടിക്കാഴ്ചയിൽ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയും പങ്കെടുത്തു. ശിവശങ്കറിെൻറ നിർദേശപ്രകാരം ഇവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പിന്നീട് സെക്രേട്ടറിയറ്റിലും കൂടിക്കാഴ്ച നടന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ നിലനിൽക്കും. യു.വി. ജോസ് പ്രതിയാകുമോ സാക്ഷിയാകുമോയെന്ന് ഇൗ ഘട്ടത്തിൽ പറയാനാവില്ല. സ്വപ്നയും കോൺസുലേറ്റും തമ്മിലെ ബന്ധത്തിെൻറ അടിസ്ഥാനത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കി.
റെഡ് ക്രസൻറ് കോൺസുലേറ്റ് വഴി യൂനിടാക്കിന് പണം നൽകിയതിൽ പങ്കില്ലെന്നും നിർമാണത്തിന് സ്ഥലം നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാർ വാദം. മാനുഷിക പരിഗണനയുടെ പേരിൽ ചെയ്യുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ അനാവശ്യമായി ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ടു. എങ്കിൽ വിജിലൻസ് അന്വേഷണം എന്തിനെന്ന് കോടതി ആരാഞ്ഞു. ചില ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതുകൊണ്ടാണെന്ന് മറുപടി നൽകി.
സർക്കാർ ഏജൻസിയുമായി ചേർന്നുള്ള പ്രവർത്തനം ആദ്യമായാണെന്ന് യൂനിടാക് ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിലുൾപ്പെടെ പ്രവൃത്തി പരിചയമുള്ള കമ്പനിയാണ്. സേവനത്തിന് പ്രതിഫലം വാങ്ങിയിട്ടുണ്ട്. നിർമാണത്തിന് പണം ആവശ്യമായിരുന്നതിനാലാണ് തുക മുൻകൂർ വാങ്ങിയതെന്നും യൂനിടാക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.