ലൈഫ് പദ്ധതി: കരട് പട്ടിക തയാറാക്കൽ മൂന്നാംതവണയും നീട്ടി
text_fieldsതിരുവനന്തപുരം: പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ കരട് പട്ടിക ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം വീണ്ടും നീളുന്നു. ഇത് മൂന്നാംവട്ടമാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി നീട്ടുന്നത്. മാർച്ച് 15ന് കരട് പട്ടിക പ്രസിദ്ധീകരിക്കാണ് പുതിയ തീരുമാനം. തദ്ദേശ, കൃഷി വകുപ്പുകളുടെ തർക്കത്തെ തുടർന്ന് ലൈഫ് അപേക്ഷ പരിശോധന വിവാദമായിരുന്നു.
പ്രാഥമിക പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ തയാറാക്കിയ പട്ടികയിൽ കലക്ടർമാരുടെ മേൽനോട്ടത്തിൽ സൂപ്പർചെക്ക് നടത്താനും തീരുമാനിച്ചു. പ്രാഥമിക പരിശോധന നടത്തിയ തദ്ദേശവകുപ്പ് ജീവനക്കാരെയും ഐ.സി.ഡി.എസ് സൂപ്പർവൈസർമാരെയും ഒഴിവാക്കും.
മറ്റ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരെ കലക്ടർമാർ നിയോഗിച്ച് മാർച്ച് 15ന് മുമ്പ് വാർഡുതല പുനഃപരിശോധന പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. ആദ്യമായാണ് ഗുണഭോക്തൃപട്ടിക തയാറാക്കുന്നതിന് മുന്നോടിയായി സൂപ്പർചെക്ക് നടത്തുന്നത്. പ്രാഥമിക പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. തുടർനടപടി പൂർത്തിയാക്കി ഏപ്രിൽ 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 9,20,260 പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്.
ഡിസംബർ ഒന്നിനാണ് ആദ്യം കരട് പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.