ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം: ബലക്ഷയമില്ലെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: വിവാദമായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് കാര്യമായ ബലക്ഷയമില്ലെന്ന് വിദഗ്ധസമിതി കണ്ടെത്തൽ. റിപ്പോർട്ട് വിജിലൻസിന് കൈമാറി. ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്നാണ് കേസന്വേഷിക്കുന്ന വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ വിലയിരുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ആവശ്യപ്രകാരം വിദഗ്ധ സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ചെങ്കിലും എന്ത് തുടർനടപടി സ്വീകരിക്കണമെന്നതിൽ വിജിലൻസ് തീരുമാനമെടുത്തിട്ടില്ല.
നയതന്ത്ര സ്വർണക്കടത്ത് പിടിയിലായതിനെതുടർന്നാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയും വിവാദത്തിലായത്. ഇതിൽ സി.ബി.ഐ അന്വേഷണം ഉൾപ്പെടെ സംസ്ഥാന സർക്കാർ എതിർത്തത് വിവാദമായിരുന്നു. സംസ്ഥാന സർക്കാറും കേന്ദ്ര ഏജൻസിയും തമ്മിൽ നേരിട്ടുള്ള തർക്കത്തിനും ഇത് കാരണമായി. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കാതിരിക്കാൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഏജൻസികൾക്ക് മുമ്പേ പദ്ധതി രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.
യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാർ. പദ്ധതിയുടെ പേരിൽ 4.48 കോടി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് കരാറുകാരനായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയതോടെയാണ് കേസ് വിജിലൻസ് ഏറ്റെടുത്തത്. കെട്ടിടത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമീഷൻ നൽകിയതെന്നായിരുന്നു വിജിലൻസ് സംശയിച്ചത്. ഉദ്യോഗസ്ഥ ഒത്തുകളിയും വിജിലൻസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സമുച്ചയത്തിന്റെ തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തിയാണ് വിദഗ്ധസമിതി ബലക്ഷയമില്ലെന്ന് ഉറപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.