റംലത്തിന്റെ ഫ്ലാറ്റിൽ മുഖ്യമന്ത്രി പാലുകാച്ചി; 400 ച.അടി വിസ്തൃതിയുള്ള 44 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി
text_fieldsകണ്ണൂർ: ഭൂരഹിതരും ഭവനരഹിതരുമായവർക്കുമായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ജില്ലയില്‍ നിര്‍മിച്ച ആദ്യഭവന സമുച്ചയം കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലൈഫ് ഗുണഭോക്താവ് കെ.എം റംലത്തിന്റെ ഫ്ലാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലുകാച്ചി.
കണ്ണൂര്‍ -കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിലാണ് പഞ്ചായത്ത് വിട്ടു നല്‍കിയ 40 സെന്റ് സ്ഥലത്ത് ഭവന സമുച്ചയം നിർമിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയില്‍ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്.
രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്‌ളാറ്റില്‍ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20കിലോ വാട്ടിന്റെ സോളാര്‍ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതുയിടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ ഒരുക്കും.
25000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. തുമ്പൂര്‍മുഴി മാതൃകയില്‍ എയ്‌റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്‌ളാറ്റുകള്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ക്കാണ് നല്‍കുക.
വി. ശിവദാസൻ എം.പി, മന്ത്രിമാരായ എം.ബി. രാജേഷ്, അഹമ്മദ് ദേവർകോവിൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.