ലൈഫ് പാർപ്പിട പദ്ധതിയിൽ ക്രമക്കേടെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. രണ്ടു വർഷം കഴിഞ്ഞിട്ടും പാർപ്പിടം നിർമിച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് ഇ.കെ ബഷീർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ആരോപിച്ചു. വീടില്ലാത്തവർക്ക് സർക്കാർ വീട് നിർമിച്ച് നൽകുന്നതാണ് ലൈഫ് മിഷൻ പാർപ്പിട പദ്ധതി.
പഞ്ചായത്ത് ഭരണസമിതികൾക്ക് ഗുണഭോക്താക്കളെ കണ്ടെത്താനുള്ള അധികാരം റദ്ദാക്കിയതാണ് പ്രധാന പ്രശ്നം. 30ലധികം ഉത്തരവിലൂടെ വിവിധ പാർപ്പിട പദ്ധതികളെ ഒരുമിപ്പിച്ച് ലൈഫ് മിഷൻ രൂപീകരിക്കുകയും അതിന് നോഡൽ ഏജൻസിയെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ. രണ്ടു വർഷം കഴിഞ്ഞിട്ടും ആർക്കും വീട് നൽകിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലൈഫ് പാർപ്പിട പദ്ധതിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. വീടില്ലാത്ത അഞ്ച് ലക്ഷം പേർക്ക് വീട് നൽകുന്ന വലിയ പദ്ധതിയാണിത്. 797 പഞ്ചായത്തുകൾ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ചില പഞ്ചായത്തുകൾ പട്ടിക തയാറാക്കുന്നതിൽ വീഴ്ച വരുത്തി. ബാക്കിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ അഞ്ച് ദിവസത്തിനകം അന്തിമ ഗുണഭോക്തൃ പട്ടികകള്‍ അംഗീകരിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വേയില്‍ 5,13,436 ഗുണഭോക്താക്കളെ കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ലേശഘടകങ്ങള്‍ ഉള്ള 91,984ഗുണഭോക്താക്കള്‍ എസ്.സി. വിഭാഗത്തില്‍ 75,065 ഗുണഭോക്താക്കള്‍, എസ്.റ്റി വിഭാഗത്തില്‍ 14085 ഗുണഭോക്താക്കള്‍, 6000 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് ഇല്ലാത്ത പദ്ധതിയായി ഇത് മാറികഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകാത്തത് പ്രധാന പ്രശ്നമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതേതുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.