ദുരൂഹത വർധിപ്പിച്ച് ധാരണപത്രം, സർക്കാർ തലത്തിലെ കൂടുതൽ ഇടപെടൽ പുറത്ത്
text_fieldsതിരുവനന്തപുരം: ദുരൂഹത വർധിപ്പിച്ച് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട ധാരണപത്രം. ധാരണപത്രം ഒപ്പിടാൻ സർക്കാർ തലത്തിൽ കൂടുതൽ ഉന്നതരുടെ ഇടപെടലുണ്ടായെന്ന് വ്യക്തമാകുന്നു. എം. ശിവശങ്കറിനു പുറമെ മറ്റ് ചില ഉദ്യോഗസ്ഥരും ധാരണപത്രം ഒപ്പിടാൻ ധിറുതികാട്ടി. പദ്ധതിക്കായി വടക്കാഞ്ചേരിയെ തെരഞ്ഞെടുത്തതിലും നിർമാണ കരാർ യൂനിടാക് എന്ന കമ്പനിക്ക് കൈമാറിയതിലും അവ്യക്തതയുണ്ട്. ധാരണപത്രത്തിൽ പറഞ്ഞപോലുള്ള ഉപകരാറുകൾ തയാറാക്കിയോയെന്നതിലും കൃത്യതയില്ല.
ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറുമായി ധാരണപത്രമുണ്ടാക്കിയത് യു.എ.ഇ റെഡ്ക്രസൻറ് ഏകപക്ഷീയമായാണെന്നാണ് വ്യക്തമാകുന്നത്. ഇംഗ്ലീഷിലും അറബിയിലുമുള്ള ധാരണപത്രം റെഡ്ക്രസൻറ് തയാറാക്കി സർക്കാറിന് കൈമാറുകയായിരുന്നു. സംസ്ഥാന സർക്കാർ രണ്ടാംകക്ഷിയാണിതിൽ. ധാരണപത്രം ഒപ്പിടുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രമാണ് ലൈഫ് സി.ഇ.ഒ ടി.യു. ജോസ് പോലും വിദേശ സഹകരണത്തെക്കുറിച്ച് അറിഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ നൽകിയ കുറിപ്പിെൻറ അടിസ്ഥാനത്തിൽ തദ്ദേശ സെക്രട്ടറിയായിരുന്നു ഫയൽ നീക്കത്തിൽ ഉണർന്നുപ്രവർത്തിച്ചതെന്ന് വ്യക്തം. തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കാൻ തദ്ദേശ സെക്രട്ടറി ലൈഫ് സി.ഇ.ഒക്ക് നിർദേശം നൽകുകയായിരുന്നു. തദ്ദേശ വകുപ്പ് സെക്രട്ടറി ലൈഫ് മിഷൻ സി.ഇ.ഒക്ക് അയച്ച കത്തിലാണ് ധാരണപത്രം തയാറാക്കിയത് റെഡ്ക്രസൻറായിരുന്നെന്ന് വ്യക്തമായത്.
കരാർ ഒപ്പിട്ടത് തിടുക്കത്തിലായിരുന്നെന്നും കത്ത് വ്യക്തമാക്കുന്നു. 2019 ജൂലൈ 11നാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറിയായിരുന്ന ടി.കെ. ജോസ് ലൈഫ്മിഷൻ സി.ഇ.ഒക്ക് കത്ത് നൽകിയത്. അന്ന് വൈകുന്നേരം റെഡ്ക്രസൻറുമായി ധാരണപത്രം ഒപ്പിടാൻ എത്തണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
ഒപ്പിടാനുള്ള ധാരണപത്രം റെഡ്ക്രസൻറ് കൈമാറിയിട്ടുണ്ടെന്നും അതിൽ പറയുന്നു. ധാരണപത്രത്തിെൻറ പകർപ്പ് കത്തിനൊപ്പമുണ്ട്. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പാക്കുേമ്പാൾ മറ്റൊരു കക്ഷിയുമായി ഒപ്പിടുന്ന ധാരണപത്രം തയാറാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഈ ധാരണപത്രം നിയമവകുപ്പ് പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി അനുമതി നൽകുകയും വേണം. ഇവിടെ എതാനും മണിക്കൂറുകൾ കൊണ്ട് ധാരണപത്രം നിയമവകുപ്പ് പരിശോധിച്ച് നൽകി.
റെഡ്ക്രസൻറ് നൽകിയ ധാരണപത്രത്തിൽ നിയമവകുപ്പ് വേണ്ട മാറ്റങ്ങൾ വരുത്തിയോ എന്നും വ്യക്തമല്ല. റെഡ് ക്രസൻറും ലൈഫ് മിഷനും തമ്മിലുള്ള ധാരണപത്രം തീർത്തും ദുർബലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടർ കരാറുണ്ടാകുമെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ഉപകരാറൊന്നും സർക്കാർ പുറത്തുവിട്ടിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.