ഖുർആൻ ഇറക്കുമതി ചെയ്തത് നയതന്ത്ര ബന്ധത്തിെൻറ ഭാഗമായി കരുതാനാകില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിടുന്നതിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഏതെങ്കിലും രാജ്യവുമായോ ഏജൻസികളുമായോ ഇത്തരം കരാറുകൾ ഒപ്പിടുന്നതിന് അനുമതി ആവശ്യമാണ്. ഇത്തരത്തിൽ അനുമതി ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലെമൻറ് സമിതിയിൽ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപാണ് വിശദീകരിച്ചത്. സമിതിയിലെ കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട സജീവ ചർച്ചയാണ് സഭാ സമിതിയിൽ നടന്നത്. നയതന്ത്ര ബാഗേജ് കസ്റ്റംസിെൻറ കൈയിൽനിന്ന് വിട്ടുകൊടുക്കുന്നതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫിസിെൻറ അനുമതി തേടണമെന്നും, അല്ലാതെ ബാഗേജ് വിട്ടുകൊടുക്കാൻ പറ്റില്ലെന്നും കസ്റ്റംസ് അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു.
ഫൈസൽ ഫരീദിനെ നാട്ടിെലത്തിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് യോഗത്തിൽ വ്യക്തമായ മറുപടി ഉണ്ടായില്ല. കുറ്റക്കാരെന്നു കാണുന്ന നയതന്ത്ര കാര്യാലയ ജീവനക്കാരെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ ചട്ടം അനുവദിക്കുന്നില്ലെന്നും, എന്നാൽ, യു.എ.ഇയിൽ വിചാരണ നടക്കുമെന്നും യോഗത്തിൽ അധികൃതർ വ്യക്തമാക്കി. റെഡ് ക്രസൻറിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുമതിയില്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കോൺസുലേറ്റിെൻറ നേതൃത്വത്തിൽ ഖുർആൻ ഇറക്കുമതി ചെയ്തത് നയതന്ത്ര ബന്ധത്തിെൻറ ഭാഗമായി കരുതാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര ബന്ധങ്ങളിൽ മതപരമായൊരു നയതന്ത്രം ഇല്ല.
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപിനു പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡയറക്ടർ സഞ്ജയ് മിശ്ര, കസ്റ്റംസ് ജോയൻറ് സെക്രട്ടറി സഹേലി ഘോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സഭാസമിതിയിലെ മലയാളി എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും പങ്കെടുത്തു. അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല.
സഹായം സ്വീകരിച്ചത് കേന്ദ്ര അനുമതിയില്ലാതെയെന്ന് സർക്കാർ
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസൻറിെൻറ സഹായം സ്വീകരിച്ചത് കേന്ദ്ര സർക്കാറിെൻറ അനുമതിയോടെയല്ലെന്ന് ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) റിപ്പോര്‍ട്ട് നല്കി. വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി വാങ്ങാതെയാണ് ലൈഫ് മിഷന് പദ്ധതിക്ക് സഹായം സ്വീകരിച്ചത്. സംസ്ഥാന സർക്കാർ നേരിട്ട് സാമ്പത്തിക സഹായം കൈപ്പറ്റാത്ത പദ്ധതിയായതിനാൽ അനുമതി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.
2019 ജൂലൈ 11ന് ലൈഫ്മിഷൻ സി.ഇ.ഒ റെഡ് ക്രസൻറുമായി ധാരണപത്രം ഒപ്പിട്ട യോഗത്തിന് മിനിട്സ് ഉണ്ടായിരുന്നില്ലെന്നും ഇ.ഡിക്ക് നല്കിയ മറുപടിയിലുണ്ട്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനുൾപ്പെടെ നിർമാണ കമ്പനിയായ യൂനിടാക് നാലേകാല്‍ കോടി കമീഷന് നല്‍കിയെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.