ലൈഫ് മിഷൻ:കരാർ ഒപ്പിടും മുമ്പ് സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ
text_fieldsകൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാറുമായി കരാർ ഒപ്പിടും മുമ്പുതന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. യൂനിടാക്കിന് കരാർ നൽകണമെങ്കിൽ കമീഷൻ നൽകണമെന്ന നിബന്ധനവെച്ചുവെന്നും മൊഴിയിലുണ്ട്.
വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമിക്കാൻ നൽകിയ 20 കോടിയിൽ 4.5 കോടി കോഴ നൽകിയെന്ന കേസിൽ ഏഴാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ഡോളറായി മാറ്റിയ കോഴ കള്ളപ്പണമായി നൽകിയെന്നാണ് കേസ്. കോഴയുടെ ഒരു പങ്ക് വിദേശത്തേക്കും നൽകിയതായി ഇയാൾ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കും മൊഴി നൽകിയതായി സൂചനയുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന മൊഴിയിലെ വിവരങ്ങൾ.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച തുടങ്ങുന്നത് മുതൽ കരാറിൽ ഒപ്പുവെക്കുന്നതുവരെയുള്ള നിർണായക വിവരങ്ങളാണ് ഇയാളുടെ മൊഴിയിലുള്ളത്. കരാറുമായി ബന്ധപ്പെട്ട് ആദ്യചർച്ചയിൽ സ്വപ്നയും സന്ദീപും സരിത്തുമാണ് പങ്കെടുത്തത്.
പദ്ധതിയുടെ കരാർ നൽകണമെങ്കിൽ കമീഷൻ നൽകണമെന്ന് ആദ്യമേതന്നെ സ്വപ്ന ആവശ്യപ്പെട്ടു. അതോടെ ആദ്യഘട്ടത്തിൽ കരാർ വേണ്ടെന്നുവെച്ചു. രണ്ടാഴ്ചക്ക് ശേഷം കരാറിനായി സ്വപ്നയും സംഘവും വീണ്ടും ബന്ധപ്പെട്ടു. പദ്ധതി തുടങ്ങും മുമ്പ് മുൻകൂറായി കരാർ തുക നൽകാമെങ്കിൽ കമീഷൻ നൽകാമെന്ന നിബന്ധനയാണ് അന്ന് മുന്നോട്ട് വെച്ചത്. പദ്ധതിയുടെ 40 ശതമാനം തുക പണി തുടങ്ങും മുമ്പ് നൽകാമെന്ന് പറഞ്ഞതോടെ കമീഷൻ നൽകാമെന്ന് യൂനിടാക്കും സമ്മതിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ച നടത്തും മുമ്പായിരുന്നു ഇരുകൂട്ടരും തമ്മിൽ കമീഷനിൽ ധാരണയിലെത്തിയത്. തുടർന്ന് 3.80 കോടി സ്വപ്നക്കും യു.എ.ഇ പൗരനായ ഖാലിദിനും 1.12 കോടി സരിത്തിനും സന്ദീപിനും യദുവിനും നൽകി. ഇതിനു ശേഷമാണ് പദ്ധതിയുടെ കരാറിൽ യൂനിടാക് ഒപ്പുവെച്ചതെന്നും സന്തോഷ് ഈപ്പൻ പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിചേർത്തത്. ശിവശങ്കറിന് ഒരു കോടി രൂപ നൽകിയെന്ന് സ്വപ്നയുടെ മൊഴിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.