ലൈഫ് മിഷൻ അഴിമതി: ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും
text_fieldsകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. വ്യാഴാഴ്ച രാവിലെ 10.30ന് കൊച്ചിയിലെ സി.ബി.ഐ ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ആദ്യമായാണ് ശിവശങ്കറിനെ ഈ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ വിളിച്ചുവരുത്തുന്നത്. ചൊവ്വാഴ്ച സ്വപ്ന സുരേഷിന്‍റെ മൊഴിയെടുത്തതിന്‍റെ തുടർച്ചയായിട്ടാണ് ശിവശങ്കറിനെ വിളിച്ചുവരുത്തുന്നത്. വടക്കാഞ്ചേരിയിലെ പ്രളയബാധിതരായ 140 പേർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിന് കരാറുകാരനിൽനിന്ന് കോടികൾ ഇടനില പണമായി വാങ്ങിയെന്നതാണ് പ്രധാന ആരോപണം. ശിവശങ്കറിനും യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഇതിന്‍റെ പങ്ക് ലഭിച്ചെന്നാണ് സ്വപ്ന ആരോപിച്ചിരുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ് നായർ തുടങ്ങിയവർ ലൈഫ് മിഷൻ അഴിമതിയിലും പ്രതികളാണ്.
തന്‍റെ ലോക്കറിൽനിന്ന് എൻ.ഐ.എ കണ്ടെടുത്ത പണം ശിവശങ്കറിന് ലൈഫ് മിഷൻ അഴിമതിക്ക് കോഴയായി ലഭിച്ചതാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇടപാടിലെ കോഴ അദ്ദേഹത്തിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയെന്നാണ് വിവരം. മൊഴിയിൽ വ്യക്തത വരുത്താനും ആരോപണങ്ങളിൽ വിശദീകരണം തേടാനുമാണ് സി.ബി.ഐ ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.