ലൈഫ് മിഷൻ കോഴ; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും, കൂടുതൽ അറസ്റ്റിനും സാധ്യത
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളാൻ സാധ്യത. കൂടുതല്‍ അറസ്റ്റിനും വഴിയൊരുങ്ങുന്നു. സി.പി.എം നേതാക്കളുമായി വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇദ്ദേഹത്തെ ചോദ്യം ചെയ്താൽ മുഴുവൻ വിവരങ്ങളും പുറത്തുവരുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെയും സ്വപ്നയുടെയും ചാറ്റിൽ ഈ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചിട്ടുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇ.ഡി അന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഇദ്ദേഹം ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇ.ഡി സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതിനിടെ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസിനെ ഇ.ഡി വിളിച്ചുവരുത്തിയത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലൈഫ് മിഷൻ തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് മുമ്പാകെ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ജോസ് നേരത്തേ മൊഴി നൽകിയിരുന്നു. കേന്ദ്ര ഏജൻസികളോട് അദ്ദേഹം എന്തൊക്കെ പറഞ്ഞെന്നതിലാണ് ആശങ്ക.
അന്വേഷണത്തിന്റെ തുടർച്ചയായി വീണ്ടും കുറേപേരെ ചോദ്യം ചെയ്യുക മാത്രമല്ല അറസ്റ്റിലേക്കും നീങ്ങാനാണ് സാധ്യത. നിർമാണ കരാറെടുത്ത യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്. സരിത്ത് എന്നിവരെ ഇ.ഡി ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, ശിവശങ്കറെ അറസ്റ്റ് ചെയ്തു. ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ എതിർമൊഴി നൽകുന്നവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ തുടരാനാണ് ഉദ്ദേശിക്കുന്നത്.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകൾ കേസിൽ നിർണായകമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. യു.എ.ഇയിലെ റെഡ്ക്രസന്റിനെ ലൈഫ് പദ്ധതിയിലേക്ക് കൊണ്ടുവന്നതിന്റെയും അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ഇടപെടലുമെല്ലാം വ്യക്തമാക്കുന്ന നിലയിലാണ് ചാറ്റിങ്ങിൽ പല കാര്യങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.