ലൈഫ് പദ്ധതി: 11.5 ലക്ഷത്തോളം പേർ പുറത്ത്
text_fieldsകോഴിക്കോട്: ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയ 11,51,359 പേർ പുറത്ത്. നവകേരള സദസ്സിനോടനുബന്ധിച്ച് തയാറാക്കിയ കണക്കുകളിലാണ് അപേക്ഷകരിൽ നാലിലൊന്ന് പേർക്കുപോലും ആനുകൂല്യം നൽകാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നത്. 16,33,391 അപേക്ഷകളിൽ 4,82,032 പേർക്കുള്ള കരാറാണ് സർക്കാർ വെച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ അപേക്ഷകരുള്ളത്-2,20,620. ലൈഫ് പദ്ധതി ആരംഭിച്ച 2016 മുതൽ ഇതുവരെ ജില്ലയിൽ 45,529 അപേക്ഷകർക്ക് വീട് നൽകി. 9656 പേർക്കു മാത്രം ആനുകൂല്യം ലഭിച്ച പത്തനംതിട്ട ജില്ലയാണ് ഏറ്റവും പിന്നിൽ. സംസ്ഥാനത്ത് 3,56,108 പേർക്കാണ് ഇതുവരെ വീടുകൾ നൽകിയത്. മലപ്പുറത്ത് 39,089 പേർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് 25,271 പേർക്കും ആനുകൂല്യം നൽകി.
പാലക്കാട് 40,965 വീടുകൾ നൽകി. തുടങ്ങിവെച്ച നിർമാണ പ്രവൃത്തികളുടെ പൂർത്തീകരണത്തിനും ഭൂമിയുള്ളവർക്ക് വീടുവെക്കുന്നതിനും സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീടുവെച്ചുനൽകുന്നതിനും പദ്ധതി ആനുകൂല്യം നൽകിവരുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതിക്ക് വിവിധ സ്ഥാപനങ്ങളിൽനിന്നെടുത്ത കടത്തിന്റെ പലിശയും വർധിക്കുകയാണ്.
ഹഡ്കോയിൽനിന്ന് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) മുഖാന്തരം എടുത്ത വായ്പയുടെ 2023-24 സാമ്പത്തികവർഷത്തെ ത്രൈമാസ പലിശ നവംബർ മാസം നൽകിയത് 280.26 കോടി രൂപയാണ്. ഹഡ്കോക്ക് 211.17 കോടി രൂപയും കെ.യു.ആർ.ഡി.എഫ്.സിക്ക് 69.09 കോടി രൂപയുമാണ് അനുവദിച്ചത്. 2023-24 വർഷത്തെ മൂന്നാം ഗഡു ത്രൈമാസ പലിശയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.