ലൈഫ് വീടിന് അനുവദിച്ച തുക ലഭിച്ചില്ല; പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം
text_fieldsഎരുമപ്പെട്ടി: ലൈഫ് മിഷനിൽ വീട് നിർമിക്കാൻ അനുവദിച്ച തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടികജാതി കുടുംബം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
കാലവർഷത്തിൽ തകർന്നുവീണ വീട്ടിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കടങ്ങോട് നാലാം വാർഡിലെ മുല്ലപ്പുള്ളി തങ്കമ്മുവും മകൻ പ്രസാദുമാണ് വ്യാഴാഴ്ച രാവിലെ കടങ്ങോട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തിയത്. കഴിഞ്ഞ മാർച്ച് 14ന് അർധരാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് ഇവരുടെ വീട് തകർന്നത്. ഇടിഞ്ഞുവീണ മേൽക്കൂരയുടെയും ചുമരുകളുടെയും ഇടയിൽനിന്ന് അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്.
തുടർന്ന് റവന്യൂ - പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് ഇവരെ താൽക്കാലികമായി കടങ്ങോട് തെക്കുമുറി സാംസ്കാരിക നിലയത്തിൽ താമസിപ്പിച്ചു. പ്രത്യേക പരിഗണന നൽകി ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. ആദ്യ ഗഡുവായി അനുവദിച്ച 40,000 രൂപ ഉപയോഗിച്ച് തറപ്പണി പൂർത്തിയാക്കി. ബാക്കി പ്രവൃത്തി നടത്താൻ പലവട്ടം പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് തങ്കമ്മുവും മകനും പറയുന്നു.
കൂലിപ്പണിക്കാരായ ഈ കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തതിനാൽ വീട് പണി അനിശ്ചിതാവസ്ഥയിലാണ്. ബാക്കി തുക ലഭിക്കാൻ പല തവണ പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
പണി പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പഞ്ചായത്തധികൃതർ പറയുന്നുണ്ടെങ്കിലും നിലവിൽ ഫണ്ട് ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് വാർഡ് അംഗം അഭിലാഷ് അറിയിച്ചു.
സാംസ്കാരിക നിലയത്തിൽ താൽക്കാലികമായി താമസിക്കുന്ന കുടുംബത്തിന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളില്ല. സ്ഥിരവരുമാനമില്ലാത്തതിനാൽ വാടകക്ക് മാറിത്താമസിക്കാനും കഴിയാത്ത അവസ്ഥയാണ്.
കടങ്ങോട് പഞ്ചായത്തിലെ 113 പട്ടികജാതി കുടുംബങ്ങൾക്കും ഇരുനൂറിൽപരം ജനറൽ കുടുബങ്ങൾക്കും ലൈഫ്മിഷൻ വീടുകൾക്ക് അനുവദിച്ച തുക ലഭിക്കാത്തതിനാൽ നിർമാണം സ്തംഭനാവസ്ഥയിലാണെന്ന് വാർഡ് അംഗം അഭിലാഷ് ആരോപിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് ലൈഫ്മിഷൻ ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.